അറ്റ്‌ലാന്റാ വെടിവെയ്പ്പ്; അനുശോചനവുമായി ജോ ബൈഡനും കമലാ ഹാരിസും

വാഷിംഗ്ടണ്‍: അമേരിക്കയിലെ അത്ലാന്റയില്‍ ഏഷ്യന്‍ വംശജരെ കൊന്നൊടു ക്കിയ വെടിവെയ്പ്പില്‍ അനുശോചനവുമായി ജോ ബൈഡനും കമലാ ഹാരിസും. ഏഷ്യന്‍ വംശജരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രസിഡന്റും വൈസ്പ്രസിഡന്റും നേതാക്കളെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ചത്. ഏഷ്യന്‍-അമേരിക്കന്‍ വംശജരായ അത്ലാന്റയിലെ ജനപ്രതിനിധികളേയും നേതാക്കളേയും ബൈഡനും കമലയും നേരിട്ട് കണ്ടു.

‘കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഹൃദയം തകര്‍ന്നനിലയിലാണ്. അമേരിക്കയിലെ മുഴുവന്‍ ജനങ്ങളും അത്ലാന്റയിലെ ജനങ്ങള്‍ക്കൊപ്പമാണ്. അന്വേഷണം ശക്തമായി നടക്കുന്നു. അക്രമി പിടിക്കപ്പെട്ടുകഴിഞ്ഞു. തീര്‍ത്തും നിരാശ്രയരായ അന്തരീക്ഷത്തിലാണ് അക്രമി വെടിയുതിര്‍ത്ത് എട്ടുപേരെ കൊലപ്പെടുത്തിയത്. എല്ലാവരേയും ഭീതിയിലാഴ്ത്തിയും ശാരീരികമായി ഉപദ്രവിക്കുകയും വെടിവെയ്ക്കുകയുമാണ് അക്രമിചെയ്തത്.’ അനുശോചന സന്ദേശത്തില്‍ കമലാ ഹാരിസ് പറഞ്ഞു.

മൂന്ന് മസാജ് പാര്‍ലറുകളിലായി അക്രമി നടത്തിയ വെടിവെയ്പ്പില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ആറു പേര്‍ ഏഷ്യന്‍ വംശജരായ വനിതകളായിരുന്നു. സംഭവത്തില്‍ അക്രമിയെ പോലീസ് 150 കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. 21കാരനായ റോബര്‍ട്ട്് ആറോണ്‍ ലോംഗാണ് വെടിയുതിര്‍ത്തത്.

അമേരിക്കയില്‍ കഴിഞ്ഞ ഒരു ദശകമായി വര്‍ണ്ണവെറിയും അക്രമവും വര്‍ദ്ധിച്ചിരിക്കുകയാണ്. കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ ട്രംപിന്റെ ഭരണകാലത്തുണ്ടായ പ്രശ്നങ്ങള്‍ ഒന്നടങ്ങിവരുന്നതിനിടെയാണ് ഏഷ്യന്‍ വംശജര്‍ക്കെതിരെ അക്രമം നടന്നത്.

 

Top