ജോ ബൈഡന്‍ ടീമില്‍ 55 ഇന്തോ-അമേരിക്കന്‍ വംശജര്‍

വാഷിങ്ടണ്‍: ഇന്ത്യന്‍-അമേരിക്കക്കാര്‍ രാജ്യം ഏറ്റെടുക്കുകയാണെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണമേഖലയില്‍ ഉന്നത പദവികള്‍ വഹിക്കുന്ന ഇന്തോ-അമേരിക്കന്‍ വംശജരെ ചൂണ്ടിക്കാട്ടിയായിരുന്നു ബൈഡന്റെ പ്രസ്താവന. ‘ഇന്തോ-അമേരിക്കക്കാര്‍ രാജ്യത്തിന്റെ ഓരോ മേഖലയിലുമുണ്ട്’. എന്റെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, പ്രസംഗം എഴുതുന്ന വിനയ് റെഡ്ഡി, സ്വാതി മോഹന്‍ അങ്ങിനെ ഒരുപാട് പേരുണ്ട്, നാസയിലെ ശാസ്ത്രജ്ഞരുമായുള്ള വെര്‍ച്ച്വല്‍ യോഗത്തില്‍ ബൈഡന്‍ പറഞ്ഞു.

ഭരണം ഏറ്റെടുത്ത് 50 ദിവസത്തിനുള്ളില്‍ തന്റെ ഭരണ രംഗത്തെ പ്രധാന നേതൃസ്ഥാനങ്ങളിലേക്ക് 55 ലേറെ ഇന്ത്യന്‍-അമേരിക്കന്‍ വംശജരെയാണ് ബൈഡന്‍ തിരഞ്ഞെടുത്തത്. പ്രസിഡന്റിന്റെ പ്രസംഗ എഴുത്തുകാരന്‍, നാസ, സാമ്പത്തിക രംഗം തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ സാന്നിധ്യമുണ്ട്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയാ നീര ടാന്‍ഡനെ ബൈഡന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ആവശ്യമായ പിന്തുണ ലഭിക്കാത്തത്തിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാമനിര്‍ദേശം പിന്‍വലിക്കേണ്ടി വന്നിരുന്നു. ബൈഡന്‍ ടീമില്‍ ഇടംപിടിച്ച ഇന്ത്യ-അമേരിക്കന്‍ വംശജരില്‍ പകുതിയില്‍ ഏറെയും സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്.

 

 

Top