ഉസാമയെ വധിക്കാനുള്ള ഓപ്പറേഷൻ തടയാൻ ശ്രമിച്ചതും ജോ ബൈഡൻ !

ലോകത്തെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമാണ് ഇപ്പോള്‍ കടന്നു പോയിരിക്കുന്നത്. 2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ ഖ്വയ്ദ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം 2,996 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുതര പരുക്കുകളോടെ ഇപ്പോഴും ജീവിക്കുന്നതാകട്ടെ ഇതിനേക്കാള്‍ എത്രയോ ഇരട്ടിയാണ്. 2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.46ന് ലോകപ്രശസ്തമായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്തെണ്‍ ടവറിലേയ്ക്ക് ഒരു വിമാനം ഇടിച്ചുകയറ്റുകയാണുണ്ടായത്. മിനിറ്റുകള്‍ക്കകം 110 നിലകളും നിലംപൊത്തി.

17 മിനിറ്റിന് ശേഷം 9.03ന് രണ്ടാമത്തെ വിമാനം സൗത്ത് ടവറിലും ഇടിച്ചിറക്കി. 9.37ന് മൂന്നാമത്തെ വിമാനം വാഷിങ്ടന്‍ ഡിസിയിലെ പെന്റഗണ്‍ ആസ്ഥാന മന്ദിരത്തില്‍ ഇടിച്ചുകയറ്റിയപ്പോള്‍ നാലാമതൊരു വിമാനം 10.03ന് പെന്‍സില്‍വാനിയ സംസ്ഥാനത്തെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള പാടത്ത് തകര്‍ന്നുവീഴുകയാണുണ്ടായത്. ഈ വിമാനം ലക്ഷ്യമിട്ടിരുന്നത് വൈറ്റ് ഹൗസിനെ ആയിരുന്നു. അത് സംഭവിച്ചിരുന്നു എങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ അവസ്ഥ എന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. സ്വന്തം രാജ്യത്തെ ഭീകരാക്രമണ ശേഷം സടകുടഞ്ഞ് എണ്ണീറ്റ അമേരിക്ക ഭീകരതക്കെതിരെ ‘ആഗോള യുദ്ധമാണ് ‘ ആരംഭിച്ചിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 2001 സെപ്റ്റംബര്‍ 18ന് ജോര്‍ജ് ബുഷ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഭീകര സംഘടനകള്‍ക്കും അവര്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാരുകള്‍ക്കുമെതിരായ യുദ്ധമെന്നാണ് ബുഷ് ഇതിനെ നിര്‍വചിച്ചിരുന്നത്.

ഭീകര വാദികളെ പിടിക്കാന്‍ അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചതും അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷായിരുന്നു. തുടര്‍ന്ന് അഫ്ഗാനിസ്താനിലും, ഇറാഖിലും, ലിബിയയിലും, സിറിയയിലും, യമനിലും യുദ്ധങ്ങള്‍ നടന്നു. ഇതില്‍ പലതും ഭീകരതയുടെ പേരില്‍ വ്യാജമായി അമേരിക്ക നടത്തിയ അധിനിവേശങ്ങളായിരുന്നു. ഇറാഖില്‍ വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു 2003 ല്‍ ആക്രമണം നടത്തിയിരുന്നത്. 2006ല്‍ സഖ്യ സേനയുടെ നിയന്ത്രണത്തിലുള്ള ഇടക്കാല ഗവ. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതോടെ അമേരിക്കയുടെ പ്രധാന അജണ്ടയാണ് നടപ്പായത്. ഇറാഖ് അധിനിവേശം സംബന്ധിച്ചുളള അമേരിക്കന്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം പെരും നുണകളായിരുന്നു എന്നത് പിന്നീട് കാലം തെളിയിച്ചിട്ടുള്ളതാണ്. ബ്രീട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.

ഭീകരതയ്ക്കെതിരെ എന്നും പറഞ്ഞ് അമേരിക്ക നടത്തിയ യുദ്ധങ്ങള്‍ ലോകം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇക്കാലത്ത് തന്നെയാണ് കൊടുംക്രൂരതക്ക് കുപ്രസിദ്ധി ആര്‍ജിച്ച ഐഎസിന്റെ ഉദയവും ഉണ്ടായിരിക്കുന്നത്. ഭീകരതക്കെതിരായുള്ള യുദ്ധത്തില്‍ 9,29,000 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനകം എട്ട് ലക്ഷം ട്രില്ല്യണ്‍ ഡോളര്‍ ആണ് ചിലവിട്ടിരിക്കുന്നത്. 15,000 യു എസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇരുപത് വര്‍ഷം കഴിഞ്ഞ് അമേരിക്ക അഫ്ഗാന്‍ വിടുമ്പോള്‍ താലിബാന്‍ തന്നെ അവിടെ അധികാരത്തില്‍ വരുന്നു എന്നതും അമേരിക്കക്ക് പ്രഹരമാണ്. അഫ്ഗാനിലെ ജനങ്ങള്‍ ജീവനും കൊണ്ട് ഓടുന്ന കാഴ്ച. അമേരിക്കയുടെ പ്രതിച്ഛായ കൂടിയാണ് തകര്‍ത്തിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ലാദനെപ്പോലെ ചില ഭീകരവാദികള്‍ ഇല്ലാതായി എന്നതു മാത്രമാണ് നേട്ടമായി ചൂണ്ടിക്കാട്ടാനുള്ളത്. ഭീകരവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. കൂടുതല്‍ ശക്തമായി തുടരുകയാണ് ചെയ്യുന്നത്.

ലോകത്തിന്റെ സമാധാനമാണിപ്പോള്‍ നഷ്ടമായിരിക്കുന്നത്. യുദ്ധത്തെ കച്ചവടവല്‍ക്കരിക്കുന്ന അമേരിക്കന്‍ നയമാണ് ഈ അവസ്ഥയിലേക്ക് ലോകത്തെ തള്ളിവിട്ടിരിക്കുന്നത്. ലോക സമാധാനം മുന്‍ നിര്‍ത്തിയുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇടപെടല്‍ അമേരിക്ക ഒരിക്കല്‍ പോലും നടത്തിയിട്ടില്ല. ആയുധ കച്ചവടത്തിലും മറ്റു സാമ്പത്തിക നേട്ടങ്ങളിലും മാത്രമാണ് ആ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. യുദ്ധം ആര്‍ക്കാണ് നേട്ടം ഉണ്ടാക്കിയത് എന്ന് പരിശോധിക്കുമ്പോഴാണ് ചിത്രം കൂടുതല്‍ തെളിയുക. അമേരിക്കയിലെ അഞ്ച് പ്രതിരോധ കമ്പനികളില്‍ നിങ്ങള്‍ 10,000 ഡോളര്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ അത് ഇതിനകം 10 മടങ്ങായി മാറുമായിരുന്നുവെന്നാണ് ഓഹരി വിപണിയിലെ സൂചികകള്‍ പഠിച്ച് തയ്യാറാക്കിയ ഒരു വിദഗ്ദ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതേ തുക മറ്റ് കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിച്ചിരുന്നതെങ്കില്‍ കിട്ടുക ആറിരട്ടി മാത്രമാണെന്നും ദി ഇന്റര്‍സെപ്റ്റ് വെബ്സൈറ്റ് പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആയുധക്കച്ചവടക്കാരും ഇടനിലക്കാരും മാത്രമാണ് അമേരിക്ക നടത്തിയ യുദ്ധത്തില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ പരാജയം തുറന്ന് കാട്ടിയ 20 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ കാലഘട്ടത്തില്‍ ലോകത്തിന് പഠിക്കാനും ഏറെയുണ്ട്. അതില്‍ പ്രധാനം ഏത് രാജ്യത്തെ വിശ്വസിച്ചാലും അമേരിക്കയെ ഒരിക്കലും വിശ്വസിക്കരുത് എന്നതാണ്. അമേരിക്കക്കൊപ്പം നിന്നവരെ പോലും താലിബാന് വിട്ടു കൊടുത്താണ് അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്. അമേരിക്കയെ ചോരക്കളമാക്കിയ ഒസാമ ബിന്‍ലാദനെ പാക്കിസ്ഥാനില്‍ കയറി ആക്രമിക്കരുത് എന്ന് നിലപാടെടുത്ത വ്യക്തിയില്‍ നിന്നും ഇതില്‍ കൂടുതലൊന്നും ലോകം പ്രതീക്ഷിക്കരുത്. ഒബാമ എന്ന പ്രസിഡന്റിന്റെ ശക്തമായ പിന്തുണ ഒന്നു കൊണ്ടുമാത്രമാണ് വൈസ് പ്രസിഡന്റിന്റെ നിലപാട് തള്ളി അന്ന് അമേരിക്കന്‍ കമാന്‍ഡോകള്‍ പാക്കിസ്ഥാനിലേക്ക് ഇരച്ച് കയറി ആ കൊടും ഭീകരനെ വധിച്ചിരുന്നത്. ഭീകരതക്കെതിരെ അമേരിക്കക്ക് ഉയര്‍ത്തി കാട്ടാവുന്ന പ്രധാന ‘ഓപ്പറേഷനും’ ഇതുമാത്രമാണ്.

 

Top