കാവൽ, വെയിൽ ചിത്രങ്ങൾക്ക് വേണ്ടി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സമീപിച്ചിരുന്നതായി നിര്‍മാതാവ്

സുരേഷ് ഗോപി നായകനായ ചിത്രം ‘കാവല്‍’ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് 7 കോടിയോളം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തി നിര്‍മാതാവ് ജോബി ജോര്‍ജ്ജ്. എന്നാല്‍ താൻ തിയേറ്ററുകാരെ വിചാരിച്ച് കൊടുത്തില്ലെന്നും സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഒരു പുതുമുഖ സംവിധായകന്റെ ചിത്രമായ വെയിലിനു വേണ്ടിയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തന്നെ സമീപിച്ചിരുന്നു. ചിത്രത്തിൽ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടതാണെന്ന് തോന്നി. അദ്ദേഹം പറഞ്ഞു.

“എല്ലാ സിനിമകളും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല. ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് പ്രൊഡക്ഷന്‍ ഹൗസ്, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് അവര്‍ സമീപിക്കുക. തിയേറ്ററുകളില്‍ വിജയം നേടിയ സിനിമകളാണ് നേരത്തേ ഒ.ടി.ടിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം പ്രതികൂലമായതിനാലാണ് ഒ.ടി.ടിയില്‍ റിലീസിനെത്തുന്നത്. ഗത്യന്തരമില്ലെങ്കില്‍ എന്തു ചെയ്യും. മാര്‍ഗ്ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം. ഈ പ്രതിസന്ധിയില്‍ എനിക്ക് പിടിച്ചു നില്‍ക്കാനായി. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാധ്യമാകണമെന്നില്ലല്ലോ.” അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതിനെതിരേ ഒരു വിഭാഗം തിയേറ്ററുടമകള്‍ രംഗത്ത് വന്നിരുന്നു.

Top