ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സിന് ജയം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. മുംബൈ ഇന്ത്യന്‍സ് കേപ് ടൗണിനെ 10 വിക്കറ്റിനാണ് ജോബര്‍ഗ് പരാജയപ്പെടുത്തിയത്. കേപ് ടൗണ്‍ ഇന്നിംഗ്‌സിനിടെ രണ്ട് മണിക്കൂറോളം മത്സരം മഴ തടസ്സപ്പെടുത്തി. ഇതോടെ എട്ട് ഓവറായി മത്സരം ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത കേപ് ടൗണ്‍ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത കേപ്ടൗണ്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. വാന്‍ഡര്‍ ഡസ്സന്‍ 16, റയാന്‍ റിക്ലടോണ്‍ 23, കെയ്‌റോണ്‍ പൊള്ളാര്‍ഡ് 10 പന്തില്‍ പുറത്താകാതെ 33 എന്നിങ്ങനെയാണ് കേപ് ടൗണ്‍ താരങ്ങള്‍ സ്‌കോര്‍ ചെയ്തത്.

ജോബര്‍ഗിന് വിജയിക്കാന്‍ പുതുക്കിയ ലക്ഷ്യമായ 98 റണ്‍സ് വേണമായിരുന്നു. 5.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ജോബര്‍ഗ് ലക്ഷ്യത്തിലെത്തി. 20 പന്തില്‍ 50 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിയും 14 പന്തില്‍ 41 റണ്‍സെടുത്ത ല്യൂസ് ഡു പ്ലൂയും ജോബര്‍ഗിനെ വിജയത്തിലേക്ക് നയിച്ചു.

Top