വ്യോമസേനയില്‍ ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ് പിടിയിൽ

കൊടകര: വ്യോമസേനയില്‍ ജോലി വാഗ്ദാനം ചെയ്തു നൂറ്റന്‍പതിലേറെപ്പേരില്‍ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ‘എയര്‍ ഫോഴ്‌സ് അരുണ്‍’ എന്ന പേരില്‍ തട്ടിപ്പു പതിവാക്കിയ കൊട്ടാരക്കര സ്വദേശി അരുണ്‍ ചന്ദ്രന്‍ പിള്ളയെ (34) ആണു കൊടകര ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസും സംഘവും പിടികൂടിയത്.

അരുണിന്റെ സഹായി കൊടകര പന്തല്ലൂര്‍ കടവില്‍ അനിതയെയും അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹൊസൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. തമിഴ്‌നാട് താംബരത്തെ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ കുറച്ചുനാള്‍ താല്‍ക്കാലിക ജോലി ചെയ്ത കാലത്തു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ മറവിലായിരുന്നു തട്ടിപ്പുകള്‍.

സംസ്ഥാനത്തിനകത്തും പുറത്തും വ്യോമസേനയില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈക്കലാക്കിയതിനു പുറമെ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വാഹനം ലേലത്തില്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തും തട്ടിപ്പു നടത്തി. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം സ്വദേശികളാണു കബളിപ്പിക്കതിലേറെയും. കളമശേരിയിലും സമീപ പ്രദേശങ്ങളിലും വീടു വാടകയ്‌ക്കെടുത്തായിരുന്നു റിക്രൂട്‌മെന്റ് ഇടപാടുകള്‍.

ഈ പണമുപയോഗിച്ചു ഹൊസൂരില്‍ കുടുംബസമേതം ആഡംബര ജീവിതം നയിച്ച അരുണ്‍ കാറുകളും മൊബൈല്‍ ഫോണുകളും വാങ്ങിയതായും കണ്ടെത്തി. തട്ടിപ്പിന് അരുണ്‍ മറയാക്കിയ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് കണ്ടെടുത്തു. എസ്‌ഐമാരായ ജെ. ജെയ്‌സണ്‍, എം.എം. റിജി, എഎസ്‌ഐ സി.ഒ. തോമസ്, സീനിയര്‍ സിപിഒ സി.എ. ഷാജു എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.

 

Top