Joaquin ‘El Chapo’ Guzman recaptured, Mexican officials say

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ജയിലില്‍നിന്നു തടവുചാടിയ കുപ്രസിദ്ധ ലഹരി മാഫിയ തലവന്‍ ജൊവാക്വിന്‍ ഗുസ്മാന്‍ (56) പിടിയിലായി. തടവുചാടി ആറുമാസത്തിനുശേഷമാണ് ഗുസ്മാന്‍ പിടിയിലായത്.

ലോസ് മോച്ചിലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഗുസ്മാനെ കനത്ത ഏറ്റമുട്ടിലിലാണ് പിടികൂടിയത്. ഇയാളുടെ അഞ്ചു കൂട്ടാളികളെയും വധിച്ചു. ആറുപേരെ ജീവനോടെ പിടികൂടുകയും ചെയ്തു. മെക്‌സിക്കന്‍ പ്രസിഡന്റ് എന്ററിക് പെന നീറ്റോയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിട്ടത്.

കഴിഞ്ഞ ജൂലൈയിലാണ് മെക്‌സിക്കോയിലെ അതീവ സുരക്ഷിത ജയിലില്‍നിന്ന് ഒന്നര കിലോമീറ്റര്‍ തുരങ്കം വഴി ഗുസ്മാന്‍ രക്ഷപെട്ടത്. ജയിലിനുള്ളിലെ രഹസ്യ ക്യാമറകളുടെയെല്ലാം കണ്ണുവെട്ടിച്ചായിരുന്നു ജയില്‍ച്ചാട്ടം.

1993ല്‍ ഗ്വാട്ടിമാലയില്‍നിന്നാണ് ആദ്യം ഗുസ്മാന്‍ പിടിയിലായത്. 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും മെക്‌സിക്കോയിലെ മറ്റൊരു വലിയ ജയിലില്‍നിന്നു 2001ല്‍ ചാടിപ്പോയി. അലക്കുതുണികള്‍ കൊണ്ടുപോകുന്ന കൈവണ്ടിയില്‍ ഒളിച്ചാണത്രേ അന്നു ജയില്‍ ചാടിയത്. പിന്നീടു കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണു പിടിയിലായത്. ലഹരി കടത്തിനു യുഎസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രതിപ്പട്ടികയിലും ഗുസ്മാനുണ്ട്. ഇയാളെ കൈമാറണമെന്നു യുഎസ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

മെക്‌സിക്കോയില്‍ ഏഴുവര്‍ഷത്തിനിടെ ലഹരിഅധോലോക സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ 80,000 പേരാണു കൊല്ലപ്പെട്ടത്. ഇതില്‍ ഒരുപക്ഷത്തു ഗുസ്മാന്റെ സംഘമാണ്. മെക്‌സിക്കോയുഎസ് 3200 കിലോമീറ്റര്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് എത്തുന്ന ലഹരിയുടെ 25% ഇയാള്‍ വഴിയായിരുന്നു. ഫോബ്‌സ് പുറത്തിറക്കുന്ന, ലോകത്ത് ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിലും ഏറ്റവും സമ്പന്നരുടെ പട്ടികയിലും ഏതാനും വര്‍ഷമായി സ്ഥിരസാന്നിധ്യമാണു ഗുസ്മാന്‍. പ്രതിവര്‍ഷം 300 കോടി ഡോളറിനു (18,600 കോടി രൂപ) മുകളിലാണു വരുമാനം.

Top