തൃക്കാക്കര തിരഞ്ഞെടുപ്പ്; സഭയുടെ പേര് വലിച്ചിഴക്കുന്നത് നെഗറ്റീവ് പൊളിറ്റിക്‌സ് കളിക്കുന്നവർ: ജോ ജോസഫ്

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് സഭയുടെ പേര് വലിച്ചിഴക്കുന്നത് നെഗറ്റീവ് പൊളിറ്റിക്‌സ് കളിക്കുന്നവരാണെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ.ജോ ജോസഫ്. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് അവർ വിവാദങ്ങൾക്ക് ശ്രമിക്കുന്നത്.

നമ്മൾ മുന്നോട്ടുവെക്കുന്നത് പോസിറ്റീവ് പൊളിറ്റിക്‌സാണ്. നെഗറ്റീവ് പൊളിറ്റിക്‌സോ വ്യക്തിഹത്യയോ സൈബർ ആക്രമണമോ കണക്കിലെടുക്കുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയവും വികസന സ്വപ്‌നങ്ങളുമാണ് ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്, അത് ജനങ്ങൾ തിരിച്ചറിയും. എല്ലാവരും പറഞ്ഞത് സഭയുടെ സ്ഥാനാർഥിയാണെന്നാണ്. അതൊന്നും കണക്കിലെടുക്കുന്നില്ല. നെഗറ്റീവ് പറയാനുള്ളവർ നെഗറ്റീവ് പറയട്ടെ, ആക്രമിക്കുന്നവർ അക്രമിക്കട്ടെ.’ ഇത്തരം കാര്യങ്ങൾ ഓരോ ദിവസവും ഇനിയുമുണ്ടാകുമെന്നും -ജോ ജോസഫ് കൂട്ടിച്ചേർത്തു.

തൃക്കാക്കര കൂടി പിടിച്ചെടുത്ത് എൽ.ഡി.എഫ്. നൂറ് സീറ്റടിക്കുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണ ഓരോ ദിവസവും ഓരോ നിമിഷവും കൂടിക്കൂടി വരികയാണ്. ജാതിമത ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും ഇടതുപക്ഷത്തോട് അടുത്തുകൊണ്ടിരിക്കുന്ന സമയമാണ്. കാരണം ഇടതുപക്ഷമാണ് ശരിപക്ഷം. കേരളത്തിന്റെ വടക്ക് മുതൽ തെക്ക് വരെ ഇടത് തരംഗം ആഞ്ഞുവീശിയത് കഴിഞ്ഞതവണ നമ്മൾ കണ്ടതാണ്, അത് ഇടതുപക്ഷത്തിന്റെ നിലപാടുകളുടെ വിജയമായിരുന്നു. എന്നാൽ അതിൽനിന്ന് തൃക്കാക്കര മാറി ചിന്തിച്ചു. ഇപ്രാവശ്യം അത് തിരുത്തുമെന്നും ജോ ജോസഫ് ചൂണ്ടിക്കാട്ടി.

Top