JNU president Kanhaiya Kumar manhandled in Patiala House court

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് അഭിഭാഷകരുടെ മര്‍ദ്ദനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് നോക്കി നില്‍ക്കെ അഭിഭാഷകരില്‍ ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നു.

അഭിഭാഷകര്‍ കനയ്യ കുമാറിനെ നിലത്തിട്ട് ചവിട്ടിയെന്നാണ് റിപ്പോര്‍ട്ട്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കല്ലേറും മര്‍ദ്ദനവുമുണ്ടായി.

കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നേരെ മര്‍ദ്ദനമഴിച്ചു വിട്ട ബിജെപി അനുകൂല അദ്ധ്യാപകര്‍ തന്നെയാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

ഹിന്ദുസ്ഥാന്‍ സിന്ദാബാദ് വിളികളുമായി ദേശീയ പതാകയുമായാണ് ഈ അഭിഭാഷകര്‍ കോടതിയിലെത്തിയത്. മാദ്ധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ ഇവര്‍ തല്ലിത്തകര്‍ത്തു. ഇതിനിടെ അഭിഭാഷകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

പട്യാലഹൗസ് കോടതിയിലെ തുടര്‍ച്ചയായ സംഘര്‍ഷത്തിന്റേയും അക്രമത്തിന്റേയും പശ്ചാത്തലത്തില്‍ സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടു. സംഭവം അന്വേഷിയ്ക്കാന്‍ അഞ്ചംഗ അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍ എന്നിവരടങ്ങുന്നതാണ് സമിതി.

അക്രമികളുടെ പദവി നോക്കേണ്ടതില്ലെന്ന് പൊലീസിനോട് കോടതി അറിയിച്ചു. പട്യാല കോടതിയുടെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാനും സുപ്രീം ഉത്തരവിട്ടു.

ഇന്ന് രാവിലെ കഴിഞ്ഞ ദിവസത്തെ അക്രമത്തിനെതിരായ ഹര്‍ജി പരിഗണിയ്ക്കവെ സുപ്രീം കോടതി നടപടി ഒരു വിഭാഗം അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാളെ കോടതി താക്കീത് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ ഒ.പി ശര്‍മ്മയും അനുയായികളുമാണ് അഭിഭാഷകര്‍ക്കൊപ്പം മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയിരുന്നത്.

Top