ജെഎന്‍യു പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും കേസെടുത്തു

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും കേസെടുത്തു. സംഘം ചേരല്‍, ഗതാഗത തടസ്സം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയവ ചേര്‍ത്താണ് കേസ്. ഡല്‍ഹിയിലെ ലോധി റോഡ് പൊലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിദ്യാര്‍ത്ഥി സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെ ജെഎന്‍യുവിലെ അധ്യാപക സംഘടനയും ഇന്ന് ക്യാമ്പസില്‍ പ്രതിഷേധിച്ചിരുന്നു. മണിക്കുറുകളോളം ഡല്‍ഹി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ഇന്നലെ പൊലീസ് അടിച്ചോടിച്ചിരുന്നു. വഴിവിളക്കുകള്‍ അണച്ച ശേഷമായിരുന്നു പൊലീസിന്റെ അതിക്രമം.

അന്ധവിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു.ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊലീസിന്റെ അപ്രതീക്ഷത നീക്കം. വഴിവിളക്കുകള്‍ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പൊലീസും സിആര്‍പിഎഫും വിദ്യാര്‍ത്ഥികളെ തല്ലുകയും ഇതോടെ മണിക്കൂറുകളോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ പലഭാഗത്തേക്ക് ചിതറിയോടുകയുമായിരുന്നു.

Top