എല്ലാത്തിനും തുടക്കമിട്ടത് സമരം ചെയ്തവര്‍; വിദ്യാർത്ഥികളെ പഴിച്ച് വിസി

ന്യൂഡൽഹി: ജെഎൻയുവിലെ അക്രമസംഭവങ്ങൾക്ക് തുടക്കമിട്ടത് സമരംചെയ്യുന്ന വിദ്യാര്‍ത്ഥികൾ തന്നെയാണെന്ന് വൈസ് ചാൻസിലർ എം. ജഗദേഷ് കുമാർ. ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാര്‍ത്ഥികൾക്കു നേരെ മുഖംമൂടി സംഘം രാത്രിയിൽ നടത്തിയ അതിക്രൂര ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിസിയുടെ പ്രതികരണം.

പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികൾ കലാപം അഴിച്ചുവിട്ടെന്നും സമരത്തിൽ പങ്കെടുക്കാത്ത വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രവർത്തനങ്ങൾ തടസപ്പെടുത്തിയെന്നും വൈസ് ചാൻസലർ എം. ജഗദേഷ് കുമാർ ആരോപിച്ചു. ഇതാണ് നിലവിലെ സാഹചര്യങ്ങളിലേക്ക് നയിച്ചതെന്നും വിസി കൂട്ടിച്ചേർത്തു.

സർവകലാശാലയിലെ സെമസ്റ്റർ രജിസ്ട്രേഷൻ തടസപ്പെടുത്താൻ പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികൾ സെർവറുകൾ നശിപ്പിച്ചു. എന്നാൽ വിദ്യാര്‍ത്ഥികളുടെ അക്കാദമിക് താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർവകലാശാലയുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

‘സമാധാനം നിലനിർത്താൻ എല്ലാ വിദ്യാര്‍ത്ഥികളോടും അഭ്യർഥിക്കുന്നു. അക്കാദമിക് പ്രവർത്തനങ്ങൾ തുടരുന്നതിന് സർവകലാശാല എല്ലാ വിദ്യാര്‍ത്ഥികൾക്കും ഒപ്പം നിൽക്കും. അവരുടെ ശീതകാല സെമസ്റ്റർ രജിസ്‌ട്രേഷൻ ഒരു തടസവുമില്ലാതെ നടക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിസി രാജിവെക്കണമെന്ന് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ ആവശ്യപ്പെട്ടു. വിസി ഭീരുവിനെ പോലെ പെരുമാറിയെന്നും വിസി രാജിവെക്കും വരെ സമരം തുടരുമെന്നും യൂണിയൻ അറിയിച്ചിട്ടുണ്ട്. വിസി രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്നാണ് യൂണിയന്റെ ആവശ്യം.

Top