ജെഎൻയു: രണ്ട് ദിവസം കഴിഞ്ഞിട്ടും ആക്രമികളെ പിടികൂടാനാകാതെ പൊലീസ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖം മൂടി ആക്രമണം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ആക്രമികളെ പിടികൂടാനാകാതെ ഡല്‍ഹി പൊലീസ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പൊലീസ് ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചതായും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡിസിപി പറഞ്ഞു.

അതേസമയം, സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം തകരാറിലാക്കിയെന്ന പരാതിയില്‍ യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ജനുവരി നാലിന് ക്യാമ്പസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സുരക്ഷ ഉദ്യാഗസ്ഥരെ ആക്രമിച്ചെന്നും എഫ്‌ഐര്‍ആറില്‍ പറയുന്നു. സര്‍വകലാശാല അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചത്. ഇതിനെതിരെ ഡല്‍ഹി പൊലീസിനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയന്‍ പ്രസിഡന്റും അക്രമത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്.

Top