ജെഎന്‍യു സംഘര്‍ഷം: സര്‍വകലാശാലയിലുള്ളത് ദേശസ്‌നേഹികള്‍, ഇടതു പക്ഷത്തിനു മാത്രമല്ല ആധിപത്യം വേണ്ടതെന്നും വി.സി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മറ്റേതൊരു സര്‍വകലാശാലയേയും പോലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലുമുള്ളത് ദേശസ്നേഹികളാണെന്ന് വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ്. രാമനവമി ദിനത്തില്‍ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. സര്‍വകലാശാലയില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും വൈകാരിക പ്രകടനം യുക്തിക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചതാണ് കാംപസില്‍ ഉണ്ടായ സംഭവങ്ങള്‍ക്കിടയാക്കിയതെന്നും അവര്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രശ്നങ്ങളില്‍ പങ്കാളികളായ ഇരുവിഭാഗം വിദ്യാര്‍ഥികളുമായും ചര്‍ച്ചനടത്തുകയും അക്രമത്തോടു യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ എല്ലാത്തരത്തിലുമുള്ള അചാരങ്ങളുടേയും ഭാഗമാകണം. കാരണം ഞാന്‍ നാനാത്വത്തിലും വ്യത്യസ്തതയിലുമാണ് വിശ്വസിക്കുന്നത്. അതു സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണം, ശാന്തിശ്രീ പറഞ്ഞു.

ഇവിടെ വ്യത്യസ്ത ആഖ്യാനങ്ങളുമുണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അല്ലാതെ ഇടത് ആധിപത്യ ആഖ്യാനം മാത്രമല്ല വേണ്ടത്. ഇന്ത്യയില്‍ കാര്യങ്ങള്‍ മാറുകയാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നുണ്ടെന്നും ശാന്തിശ്രീ പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

എന്റെ അഭിപ്രായങ്ങളോട് യോജിക്കാന്‍ സാധിക്കാത്തവരുണ്ട്. പക്ഷേ ഇടതുപക്ഷത്തിനു മാത്രമല്ല, മറ്റെല്ലാ ആഖ്യാനങ്ങള്‍ക്കും ഇവിടെ ഇടമുണ്ടെന്ന് ഒരു വൈസ് ചാന്‍സ്ലര്‍ എന്ന നിലയില്‍ എനിക്ക് ഉറപ്പ് നല്‍കാനാകും. ആധുനിക ഇന്ത്യ കെട്ടിപ്പെടുത്ത മഹത്തായ സ്ഥാപനങ്ങളിലൊന്നാണ് ജെഎന്‍യു. മാറ്റത്തിനനുസരിച്ചു മുന്നോട്ടു പോകേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. ഞങ്ങള്‍ സാര്‍വലൗകികരാണ് പക്ഷേ, അതിനേക്കാള്‍ ദേശസ്നേഹികളാണെന്നും ശാന്തിശ്രീ പറഞ്ഞു.

Top