ഹോസ്റ്റല്‍ ഫീസ് വര്‍ധന : ജെ.എന്‍.യു വിദ്യാര്‍ഥികളുമായി ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പിന്‍വലിക്കുമോ എന്നതില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന്. ജെ.എന്‍.യു വിദ്യാര്‍ഥികളുമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമിതി ഇന്ന് ചര്‍ച്ച നടത്തും. മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുക്കും. രാവിലെ 10.30നാണ് ചര്‍ച്ച.

ഉന്നതാധികാര സമതിയംഗങ്ങളായ മുന്‍ യു.ജി.സി ചെയര്‍മാന്‍ വി.എസ് ചൌഹാന്‍, എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ സഹസ്രാബുദ്ധ, യു.ജി.സി സെക്രട്ടറി രജനീഷ് ജെയിന്‍ എന്നിവര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളും കൌണ്‍സിലര്‍മാരും പങ്കെടുക്കും.

ഫീസ് വര്‍ധനവിനും സംവരണ അട്ടിമറിക്കും ഇടയാക്കുന്ന കരട് രേഖ പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ഥി യൂണിയന്റെ നിലപാട്.

നേരത്തെ സമരത്തെ തുടര്‍ന്ന് ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതേസമയം ഫീസ് വര്‍ധനവില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

Top