ജെ.എന്‍.യു വിദ്യാർത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലേക്ക് ജെ.എന്‍.യു വിദ്യാർത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാർത്ഥികള്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, വൈസ് ചാന്‍സിലറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ ലോങ് മാര്‍ച്ച്. ഇതിനു നേരെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്.

ഫീസ് വർധനയെ തുടർന്ന്‌ ഒരു മാസത്തിലേറെയായി ജെഎന്‍യുവില്‍ വിദ്യാർത്ഥികൾ സമരത്തിലാണ്. രണ്ട് തവണ ഫീസിൽ ഇളവ് വരുത്തിയെങ്കിലും ഫീസ് വർധന പൂർണമായി പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.

ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്നും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികള്‍ക്കെതിരായ എല്ലാ പോലീസ് കേസുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ നേരത്തെ ഇമെയില്‍ അയച്ചിരുന്നു.

Top