jnu student – arrest in delhi university

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എ.ഐ.എസ്.എഫ് നേതാവുമായ കനൈയ്യ കുമാര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികദിനമായ ഫെബ്രുവരി 9ന് ക്യാമ്പസില്‍ പ്രകടനം നടത്തിയവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം.

കനൈയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്. സര്‍വകലാശാല ഹോസ്റ്റലുകളിലും പൊലീസ് റെയ്ഡ് നടത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നടപടിയെടുക്കാന്‍ ഡല്‍ഹി പൊലീസിനോട് രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു.

എ.ബി.വി.പിയുടേയും ബി.ജെ.പി എം.പിയായ മഹേഷ് ഗിരിയുടേയും പരാതിയിലാണ് നടപടി. അതേസമയം പ്രകടനവുമായി ബന്ധപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നുമാണ് എ.ബി.വി.പിയുടെ ആവശ്യം.

ക്യാമ്പസില്‍ സ്വതന്ത്ര സംവാദത്തിനുള്ള എല്ലാ സാദ്ധ്യതകളുമുണ്ടെങ്കിലും ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിയ്ക്കാനാവില്ലെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. സംഭവം അന്വേഷിയ്ക്കാനായി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും വി.സി അറിയിച്ചു.

Top