JNU standoff: Students won’t surrender, cops bide time before arresting

ന്യൂഡല്‍ഹി: തങ്ങള്‍ കീഴടങ്ങില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യില്‍ അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിദ്യാര്‍ഥികള്‍ .

അതേസമയം, ക്യാംപസിനകത്തു പ്രവേശിക്കാന്‍ പൊലീസിന് വൈസ് ചാന്‍സലര്‍ അനുമതി നല്‍കാത്തതിനാല്‍ കീഴടങ്ങണമെന്ന് വിദ്യാര്‍ഥികളോട് പൊലീസ് ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്.ബസ്സി പറഞ്ഞു. അവര്‍ നിഷ്‌കളങ്കരാണെന്നാണ് വാദിക്കുന്നതെങ്കില്‍ അതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിദ്യാര്‍ഥികള്‍ കോടതിക്കു മുന്നില്‍ മാത്രമേ കീഴടങ്ങുകയുള്ളൂവെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നാടകീയ സംഭവങ്ങള്‍ക്കു തുടക്കമിട്ട്, ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണു വിദ്യാര്‍ഥികള്‍ ക്യാംപസിലെത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അഞ്ചുപേരും അഭിസംബോധന ചെയ്തു.

ക്യാംപസിന്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്നുവെന്നും ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്നാണു മാറിനിന്നതെന്നും അവര്‍ പറഞ്ഞു. പൊലീസില്‍ നിന്ന് ഓടിയൊളിച്ചിട്ടില്ല. കോടതിക്കകത്തു പോലും കനയ്യയെ ആക്രമിച്ചവര്‍ തങ്ങളെ ഉപദ്രവിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. കൃത്രിമമായി നിര്‍മിച്ച വിഡിയോയുടെ പേരിലാണു വേട്ടയാടുന്നതെന്നും നിരപരാധികളാണെന്നും അവര്‍ പറഞ്ഞു.

അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ച ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ്, രാമ നാഗ, അനന്ത് പ്രകാശ് എന്നിവരാണ് ഞായറാഴ്ച രാത്രി വൈകി ക്യാംപസില്‍ തിരിച്ചെത്തിയത്.

Top