JNU row LIVE updates: Sitaram Yechury and D Raja to meet Rajnath Singh

ന്യൂഡല്‍ഹി: ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു ചെയര്‍മാന്‍ കനകയ്യയെ മോചിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ജെ.എന്‍.യുവില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് യെച്ചൂരിയും സി.പി.ഐ നേതാവ് ഡി.രാജയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണിപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരപരാധികളായ വിദ്യാര്‍ഥികളെയും അധികൃതര്‍ വേട്ടയാടുകയാണ്. വിദ്യാര്‍ഥികള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തി അവരെ മാത്രം ശിക്ഷിക്കണമെന്നും യെച്ചൂരി പറഞ്ഞു.

സംഭവത്തിനു ഉരവാദികളായവര്‍ക്കുനേരെ നടപടിയെടുക്കുന്നതിനുപകരം ഇടതുപക്ഷ വിദ്യാര്‍ഥിപ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ടാല്‍ നോക്കിനില്‍ക്കാനാകില്ലെന്ന് സ.പി.ഐ നേതാവ് ഡി.രാജ പ്രതികരിച്ചു.

പാര്‍ലിമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികദിനത്തില്‍ കാമ്പസിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അഫ്‌സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചിരുന്നു. അന്ന് വിദ്യാര്‍ഥികള്‍ ദേശദ്രോഹമുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാരോപിച്ച് എ.ബി.വി.പി പരാതി നല്‍കിയിരുന്നു.

സംഭവത്തെത്തുടര്‍ന്നാണ് ദേശദ്രോഹക്കുറ്റം ചുമത്തി യൂണിയന്‍ ചെയര്‍മാന്‍ കനകയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. പരിപാടിയില്‍ പങ്കെടുത്തതിന് എട്ട് വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഷനിലുമാണ്.

ഈ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സര്‍വകലാശാല പുറത്തുവിട്ടിട്ടില്ല. കേസുമായി സഹകരിക്കുന്നതിന് ഹോസ്റ്റലില്‍ത്തന്നെ തുടരാന്‍ അധികൃതര്‍ ഈ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു.

കനകയ്യയെ അറസ്റ്റ് ചെയ്തതടക്കമുള്ള അധികൃതരുടെ നടപടിയെ അനുകൂലിച്ച് എ.ബി.വി.പി.യും പ്രതികൂലിച്ച് മറ്റ് സംഘടനകളും മുന്നോട്ടുവന്നു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷം സര്‍വകലാശാലയില്‍ തുടരുകയാണ്. അഫ്‌സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സര്‍വകലാശാല പ്രത്യേകസമിതിയെ നിയോഗിച്ചിട്ടുണ്ട്.

രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമായിരിക്കും കൂടുതല്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുക. രാജ്യത്തിനെതിരായ നടപടികള്‍ അനുവദിക്കില്ലെന്ന് ഇന്നലെത്തന്നെ മന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി എന്നിവര്‍ പ്രതികരിച്ചിരുന്നു.

Top