ജെഎന്‍യു: ഫീസ് വര്‍ധനവിനെതിരെ എബിവിപിയും സമരത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ എബിവിപി സര്‍വ്വകലാശാല യൂണിറ്റ് നാളെ യുജിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ഫീസ് വര്‍ധനവിനെതിരെയാണ് സമരമെന്നും സമരത്തില്‍ തങ്ങള്‍ തുടക്കം മുതലുണ്ടായിരുന്നുവെന്നും എബിവിപി നേതൃത്വം പറഞ്ഞു. ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തെ രാഷ്ട്രീയ വത്കരിച്ചെന്നും എബിവിപി ആരോപിച്ചു.

ജെഎന്‍യുവില്‍ പതിനേഴ് ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥി സമരം ഇന്ന് മുതല്‍ ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിലേക്കായി. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തു. അവധി ദിവസമായതിനാല്‍ ഇന്ന് ക്യാമ്പസ് പ്രവര്‍ത്തിച്ചിരുന്നില്ല. ജെഎന്‍യു അധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ചാണ് പ്രതിഷേധം നടന്നിരുന്നത്. സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കവെ തുടങ്ങിയ സമരം രാത്രി വൈകിയാണ് അവസാനിച്ചിരുന്നത്. ചടങ്ങ് നടന്ന എഐസിടിഇ ഓഡിറ്റോറിയത്തിന്റെ ഗേയ്റ്റ് വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയുണ്ടായി.

പരിപാടിക്കെത്തിയ മാനവവിഭവശേഷി മന്ത്രി രമേഷ് നിഷാങ്ക് പൊഖ്രിയാല്‍ ആറ് മണിക്കൂറോളമാണ് ഓഡിറ്റോറിയത്തില്‍ കുടുങ്ങിപോയത്.
ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രിക്കും ഉറപ്പുനല്‍കേണ്ടിവന്നു.

Top