ജെഎൻയു ക്യാംപസിൽ വിദ്യാര്‍ത്ഥികൾക്ക് പിന്തുണയുമായി ഹൈബി ഈഡൻ എംപി

ന്യൂഡല്‍ഹി : ഫീസ് വര്‍ധനവടക്കമുള്ള കാര്യങ്ങളില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഹൈബി ഈഡന്‍ എം പിയും. ക്യാംപസില്‍ നേരിട്ടെത്തിയ അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയും അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെ സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. അന്യായമായി സംഘം ചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ലോധി റോഡ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫീസ് വർധനവ് ഏർപ്പെടുത്തിയ പുതിയ ഹോസ്റ്റൽ കരട് നിയമാവലി പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാർഥികളുടെ നിലപാട്. സർവകലാശാല അധികൃതർ ഇതുവരെയും സംസാരിക്കാൻ തയ്യാറായിട്ടില്ല. നടപടികള്‍ പൂര്‍ണമായും പിന്‍വലിക്കാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ജെ.എന്‍.യു അധ്യാപക അസോസിയേഷനും പ്രതിഷേധിച്ചു.

Top