ജെഎന്‍യു സംഭവം: എബിവിപിക്കാരായ പ്രതികള്‍ ഒളിവിലെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ക്യാമ്പസില്‍ കയറി അക്രമിച്ച എബിവിപിക്കാരായ പ്രതികള്‍ ഒളിവിലെന്ന് ഡല്‍ഹി പൊലീസ്.കോമല്‍ ശര്‍മ, രോഹിത്ത് ഷാ, അഖ്ഷത് അവസ്തി, എന്നിവര്‍ ഒളിവിലാണെന്നും അതിനാല്‍ ഇവരെ ഇതുവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.

ജെഎന്‍യുവില്‍ അക്രമം നടത്താന്‍ നേതൃത്വം നല്‍കുകയും ആഹ്വാനം ചെയ്യുകയും ചെയ്തുവെന്ന് സംശയിക്കുന്ന ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ്, യുണിറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ് എന്നീ രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ചൊവ്വാഴ്ച പോലീസിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ പ്രതികരണം.

അക്രമി സംഘത്തിലെ മുഖംമൂടി ധാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണം സംഘം തിരിച്ചറിഞ്ഞിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ പ്രതിക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചതായും പോലീസ് അറിയിച്ചിരുന്നു. അതേസമയം ഈ വിദ്യാര്‍ഥിനിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ഒളിവില്‍ പോയെന്ന് സ്ഥിരീകരിച്ച പ്രതികളില്‍ ഒരാള്‍ ഇവരാണെന്നാണ് സൂചന.

കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് മുഖമൂടി ധാരികള്‍ ക്യാമ്പസിലെത്തി അക്രമം അഴിച്ച് വിട്ടത്.എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നേരത്തെ തന്നെ ആരോപിച്ചിരുന്നു. അക്രമത്തില്‍ 34ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഷോഷിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു.

Top