JNU hunger strike: Kanhaiya Kumar’s health deteriorates, hospitalised

ന്യൂഡല്‍ഹി: ഒരാഴ്ചയായി തുടരുന്ന നിരാഹാര സമരം, ആരോഗ്യനില മോശമാക്കിയതിനെ തുടര്‍ന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരായ സര്‍വകലാശാല അധികൃതരുടെ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ചാണ് കനയ്യയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര പ്രക്ഷോഭം നടത്തുന്നത്.

കനയ്യയുടെ ആരോഗ്യനില മോശമായെന്നും അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നെന്നും സുഹൃത്തും കനയ്യയോടൊപ്പം അച്ചടക്ക നടപടി നേരിടുന്ന വിദ്യാര്‍ത്ഥി നേതാവുമായ ഉമര്‍ ഖാലിദ് പറഞ്ഞു. കനയ്യുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലാണ്. വലിയ തോതില്‍ ഛര്‍ദ്ദിയും തുടങ്ങിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. മറ്റ് വിദ്യാര്‍ത്ഥികളുടേയും ആരോഗ്യനില മോശമായി വരുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭം എട്ടാം ദിവസത്തേയ്ക്ക് കടക്കുമ്പോഴും സര്‍വകലാശാല അധികൃതര്‍ നിഷേധാത്മക നിലപാട് തുടരുകയാണെന്ന് ഉമര്‍ പറഞ്ഞു. ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ കാലയളവിലേക്ക് സസ്‌പെന്റ് ചെയ്യുകയും പിഴ വിധിക്കുകയും ചെയ്തിരുന്നു. കനയ്യ കുമാറിന് 10,000 രൂപ പിഴയാണ് വിധിച്ചത്.

ഏപ്രില്‍ 28 മുതല്‍ സര്‍വകലാശാല തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കനയ്യ കുമാര്‍ അടക്കം 19 വിദ്യാര്‍ത്ഥികളാണ് അനിശ്ചിതകാല നിരാഹര പ്രക്ഷോഭവുമായി മുന്‍നിരയിലുള്ളത്. ഫെബ്രുവരി ഒമ്പതിന് ക്യാമ്പസില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് തങ്ങളെ കുറ്റക്കാരെന്ന് കണ്ടെത്തിയ അന്വേഷണ സമിതി പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികള്‍ തുടക്കം മുതല്‍ ഇതിനെ എതിര്‍ത്തിരുന്നു.

Top