JNU Case: Apologise For Lawyers Involved In Violence, Says Bar Council

ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകര്‍ നടത്തിയ അക്രമത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനോടും മാദ്ധ്യമപ്രവര്‍ത്തകരോടും ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ ക്ഷമ ചോദിച്ചു. പട്യാല കോടതി ബാര്‍ കൗണ്‍സിലിനോട് ബി.സി.ഐ വിശദീകരണം തേടിയിട്ടുണ്ട്.

പട്യാല കോടതിയിലെ സംഭവം ഏറെ ലജ്ജാവഹവും ഞെട്ടിയ്ക്കുന്നതുമാണെന്നും കനയ കുമാറിനോടും മാദ്ധ്യമപ്രവര്‍ത്തകരോടും ആക്രമണത്തിന് ഇരയായ മറ്റുള്ളവരോടും ക്ഷമ ചോദിയ്ക്കുന്നതായും ബി.സി.ഐ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.

ഇത് സംബന്ധിച്ച് പരിശോധിയ്ക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മിശ്ര അറിയിച്ചു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ബാര്‍ കൗണ്‍സില്‍ അംഗവും കമ്മിറ്റിയില്‍ അംഗങ്ങളാണ്.

മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ വേഗത്തില്‍ നടപടിയുണ്ടാകും. അഡ്വക്കേറ്റ്‌സ് ആക്ട് പ്രകാരം അഭിഭാഷകരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം ബാര്‍ കൗണ്‍സിലിനുണ്ട്.

അക്രമത്തില്‍ ഓരോരുത്തരുടേയും പങ്ക് കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ ഇത്തരം നടപടികളിലേയ്ക്ക് പോകാന്‍ കഴിയൂ എന്നും മിശ്ര പറഞ്ഞു. രണ്ട് ദിവസവും അക്രമത്തിന് നേതൃത്വം നല്‍കിയത് ബി.ജെ.പി അനുഭാവിയായ വിക്രം സിംഗ് ചൗഹാനാണ്.

Top