JNU AND HU the best universities- govt survey

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാല്‍ മുഖരിതമായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി എന്നിവയാണ് രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളാണെന്ന് നരേന്ദ്രമോഡി സര്‍ക്കാര്‍ നടത്തിയ സര്‍വെ. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് സര്‍ക്കാരിന് കീഴില്‍ നടത്തിയ സര്‍വെയുടെ വിവരങ്ങള്‍ ഇന്നലെ പുറത്തുവിട്ടത്. അതേസമയം രണ്ട് സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ സര്‍വകലാശാലകളായി ഈ സര്‍വെയില്‍ പരിഗണിച്ചിട്ടുമില്ല.

സര്‍വകലാശാലകളിലെ ഗവേഷണം, അധ്യാപനം, പഠനം, സാമൂഹികമായ അവബോധം എന്നിങ്ങനെ നിരവധി മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ ലിസ്റ്റ് തയ്യാറാക്കിയത്. 3500ലേറെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ പരിഗണിച്ചുകൊണ്ട് നടത്തിയ സര്‍വെയില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിയ മിലിയ യൂണിവേഴ്സിറ്റി എന്നിവയൊക്കെ ജെഎന്‍യുവിനും, ഹൈദരാബാദിനും പിന്നിലാണ് സ്ഥാനമെന്നും സര്‍വെ പറയുന്നു

ദളിത് ഗവേഷക വിദ്യാര്‍ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ നരേന്ദ്രമോഡി സര്‍ക്കാരിനും, വിസി അപ്പറാവുവിനും എതിരെ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് രാജ്യമെങ്ങും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുകയും ചെയ്തു. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി തന്നെ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് എതിരെ രംഗത്ത് വരികയും, നുണ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

അതേസമയം പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ പേരില്‍ അനുസ്മരണം സംഘടിപ്പിക്കുകയും, തുടര്‍ന്ന് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു എന്നാരോപിച്ച് കൊണ്ടാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിക്കെതിരെയും, വിദ്യാര്‍ഥികള്‍ക്ക് എതിരെയും വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി മൂന്നു വിദ്യാര്‍ഥികളെ നരേന്ദ്രമോഡി സര്‍ക്കാര്‍ ജയിലില്‍ അടക്കുകയും ചെയ്തു. എന്നാല്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഇതോടെ കൂടുതല്‍ ശക്തമായി. പിന്നീട് ദേശീയതയും, ഭാരത് മാതാ കീ ജയ് മുദ്രാവാക്യവുമായി ബന്ധപ്പെട്ട് വ്യാപക ചര്‍ച്ചകള്‍ രൂപപ്പെടുകയും മോഡി സര്‍ക്കാരിന്റെ ജെഎന്‍യു നടപടിക്ക് എതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

രാജ്യത്തെ ബിജെപി, ആര്‍എസ്എസ് നേതാക്കളടക്കം പലരും പരസ്യമായി ജെഎന്‍യുവിനെതിരെയും, ഹൈദരാബാദ് യൂണിവേഴ്സിറ്റിക്കെതിരെയും പലവിധ ആരോപണങ്ങളുമായി നേരത്തെ രംഗത്തുവന്നിരുന്നു. മാവോയിസ്റ്റുകളുടെയും,രാജ്യദ്രോഹികളുടെയും കേന്ദ്രമാണ് ഈ സര്‍വകലാശാലകള്‍ എന്ന് ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. ഇപ്പോഴും ഈ രണ്ട് സര്‍വകലാശാലകളിലും സമരങ്ങള്‍ നടക്കുകയും, സര്‍ക്കാര്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. ഈ അവസരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ നടത്തിയ സര്‍വെയില്‍ ജെഎന്‍യുവും, ഹൈദരാബാദും രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളാണെന്ന കാര്യം പുറത്തുവരുന്നതും.

Top