jnu – abvp – attack

ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസില്‍ തങ്ങളുടെ പ്രവര്‍ത്തകരെ മറ്റ് സംഘടനകള്‍ ആക്രമിക്കുന്നതായി എ.ബി.വി.പിയുടെ ആരോപണം. എ.ബി.വി.പി പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറികള്‍ക്ക് പുറത്ത് തങ്ങളെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ എഴുതുകയും വരക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നതായാണ് എ.ബി.വി.പി നേതാവ് അലോക് സിംഗിന്റെ ആരോപണം.

ഫെബ്രുവരി 9ന്റെ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി മുതല്‍ തങ്ങള്‍ക്കെതിരെ ആക്രമണവും അപവാദ പ്രചാരണവും ശക്തമാണെന്ന് അലോക് സിംഗ് ആരോപിക്കുന്നു. എ.ബി.വി.പി സംഘടിപ്പിച്ച അഭിപ്രായ സ്വാതന്ത്ര്യവും ജെ.എന്‍.യുവും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അലോക് സിംഗ്.

ഫെബ്രുവരി 9ന്റെ പരിപാടിക്ക് നേതൃത്വം നല്‍കിയത് കനയ്യ കുമാര്‍ ആണെന്നും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തങ്ങളുടെ കയ്യില്‍ വ്യക്തമായ തെളിവുണ്ടെന്നും അലോക് സിംഗ് അവകാശപ്പെട്ടു. അന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയത് കനയ്യ കുമാറാണെന്ന് അലോക് സിംഗ് ആരോപിച്ചു.

എ.ബി.വി.പി ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും പരിപാടിക്ക് പിന്തുണ നല്‍കിയിരുന്നതായും അലോക് സിംഗ് പറഞ്ഞു. സര്‍വകലാശാലയിലെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഭൂരിഭാഗം അദ്ധ്യാപകരും തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അവര്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്.

അവര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും അലോക് സിംഗ് ആരോപിച്ചു. കനയ്യ കുമാര്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചതിന് ഒരു വിദ്യാര്‍ത്ഥിനിയോട് നേരത്തെ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നുള്ള ആരോപണവും എ.ബി.വി.പി നേതാവ് ആവര്‍ത്തിച്ചു. നേരത്തെ ഫെബ്രുവരി 9ന്റെ പരിപാടിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ക്യാമ്പസില്‍ ചില എ.ബി.വി.പി പ്രവര്‍ത്തകര്‍ സംഘടന വിട്ടിരുന്നു.

Top