ജെഎന്‍യു അക്രമം: എബിവിപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ.

തിരുവനന്തപുരം: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ ആര്‍എസ്എസ്- എബിവിപി ക്രിമിനലുകള്‍ സര്‍വ്വകലാശാല ക്യാമ്പസിനകത്തു കയറി മൃഗീയമായി മര്‍ദ്ദിച്ചിതില്‍ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലും അന്യായമായ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ക്യാമ്പസ്സിലും ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വലമായ സമരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വരുന്നത്.ഇതിനിടയിലാണ് ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം മാരകായുധങ്ങളുമായി സംഘടിച്ചെത്തി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ക്രൂരമായ അക്രമണം അഴിച്ചു വിട്ടത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ സൂരി എന്നിവര്‍ക്ക് തലക്ക് മാരകമായ പരിക്കേറ്റു.

വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ഉജ്ജ്വല പ്രക്ഷോഭങ്ങളില്‍ വിറളി പൂണ്ട ആര്‍എസ്എസും ബിജെപി യും ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവുകയില്ല. വിദ്യാര്‍ത്ഥിനികളെ അടക്കം മാരകമായി അക്രമിക്കുന്ന ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ക്കെതിരായി കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് സെക്രട്ടറി കെ.എം.സച്ചിന്‍ ദേവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Top