ജാർഖണ്ഡിൽ ജെ.എം.എം മഹാസഖ്യത്തിലെ എം.എൽ.എമാരെ ഹൈദരാബാദിലേക്കു മാറ്റുന്നു

ഭൂമി കുംഭകോണക്കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിനു പിന്നാലെ എം.എൽ.എമാരെ ഹൈദരാബാദിലേക്കു മാറ്റുന്നു. ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം) നയിക്കുന്ന മഹാസഖ്യത്തിലെ അംഗങ്ങളെയാണ് ഇന്നു വൈകീട്ടോടെ തെലങ്കാനയിൽ എത്തിക്കുന്നത്. ബി.ജെ.പി കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണു നീക്കം. അതിനിടെ, സോറനെ പത്തു ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

രണ്ട് ചാർട്ടേഡ് വിമാനങ്ങൾ ഇതിനായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു എം.എൽ.എയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 12 സീറ്റും 37 സീറ്റുമുള്ള രണ്ട് വിമാനങ്ങളിലാണ് എം.എൽ.എമാരെ ഹൈദരാബാദിൽ എത്തിക്കുന്നത്. സോറന്റെ അറസ്റ്റിനു പിന്നാലെ എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി നീക്കം ശക്തമാക്കിയിട്ടുണ്ട്.

81 അംഗ ജാർഖണ്ഡ് നിയമസഭയിൽ മഹാസഖ്യ സർക്കാരിൽ ജെ.എം.എമ്മിനു പുറമെ കോൺഗ്രസ്, ആർ.ജെ.ഡി, എൻ.സി.പി, സി.പി.ഐ(എം.എൽ)-എൽ എന്നീ പാർട്ടികളാണുള്ളത്. ജെ.എം.എമ്മിന് 29ഉം കോൺഗ്രസിന് 17ഉം ആർ.ജെ.ഡിക്കും സി.പി.ഐ(എം.എൽ)-എല്ലിനും ഓരോ വീതവും അംഗങ്ങളാണുള്ളത്. ബി.ജെ.പിയുടെ 26 ഉൾപ്പെടെ എൻ.ഡി.എയ്ക്ക് 32 എം.എൽ.എമാരുടെ പിന്തുണയുണ്ട്. ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയന്റെ(എ.ജെ.എസ്.യു) മൂന്നും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി-അജിത് പവാർ പക്ഷത്തിന്റെ(എൻ.സി.പി-എ.പി) ഒരാളും രണ്ട് സ്വതന്ത്രരും സഖ്യത്തെ പിന്തുണയ്ക്കുന്നു.

47 എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ചംപായ് സോറൻ അവകാശപ്പെട്ടു. ഹേമന്ത് സോറന്റെ രാജിക്കു പിന്നാലെ ഗതാഗത മന്ത്രിയായിരുന്ന ചംപായിയെ ജെ.എം.എം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇന്നു വൈകീട്ടോടെ അദ്ദേഹം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ബുധനാഴ്ച രാത്രിയാണ് ഹേമന്ത് സോറന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഏഴ് മണിക്കൂർ നീണ്ട ഇ.ഡിയുടെ ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ് നടപടി. റാഞ്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയെ സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Top