സ്വത്ത് പൂജ്യം; ഞാന്‍ ഒന്നുമില്ലാത്തവനാണെന്ന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാനാര്‍ത്ഥി

ഝാര്‍ഖണ്ഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഝാര്‍ഖണ്ഡിലെ മുക്തി മോര്‍ച്ച സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച സത്യവാങ്മൂലം കണ്ട് ഞെട്ടിയിരിക്കുകയാണ് വോട്ടര്‍മാര്‍. കിഷന്‍ഗഞ്ച് ലോക്‌സഭാ മണ്ഡലം ജെഎംഎം സ്ഥാനാര്‍ത്ഥി ശുകല്‍ മുര്‍മു ആണ് തെരഞ്ഞെടുപ്പ് സമ്മതപത്രത്തില്‍ താന്‍ ‘ഒന്നുമില്ലാത്തവനാണെന്ന്’ വ്യക്തമാക്കിയിരിക്കുന്നത്.

”ശുകല്‍ മുര്‍മു ആദിവാസി വിഭാഗത്തില്‍പെട്ട വ്യക്തിയാണ്. ഗോത്രവിഭാഗത്തിലെ ഏറ്റവും താഴെത്തട്ടില്‍ ജീവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. വളരെ പാവപ്പെട്ടയാളാണ്. അദ്ദേഹത്തിന്റെ സ്വത്ത് സീറോയാണ്.” ജെഎംഎം സംസ്ഥാന പ്രസിഡന്റ് പ്രണവ് കുമാര്‍ പറയുന്നു.

ജനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ശുകല്‍ മുര്‍മു പറയുന്നു. ആദിവാസി വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശം കേന്ദ്രീകരിച്ചാണ് തങ്ങള്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് പ്രണവ് കുമാര്‍ പറയുന്നു.

ബീഹാറിലെ പൂര്‍ണിയ, കിഷന്‍ഗഞ്ച്, കത്തിഹാര്‍, ബാങ്ക, മുങ്കര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്ന് ജെഎംഎം സ്ഥാനാര്‍ത്ഥികള്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്.ബങ്കായില്‍ നിന്നുള്ള രാജ് കിഷോര്‍ പ്രസാദാണ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നനായിട്ടുള്ളത്. പതിനേഴ് കോടിയാണ് ഇദ്ദേഹത്തിന്റെ സ്വത്ത്.

Top