ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങി പുതിയ ലാൻഡ് റോവർ ഡിഫെൻഡർ

ജെഎൽആറിന്റെ പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും. വരാനിരിക്കുന്ന 007 സിനിമയായ നോ ടൈം ടു ഡൈ എന്ന ചിത്രത്തിൽ പുതിയ മോഡൽ വാഹനത്തിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് ജാഗ്വർ ഇന്ത്യയിൽ എസ്‌യുവിയുടെ വില പ്രഖ്യാപനം നടത്തിയത്.

കോറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലാൻഡ് റോവർ ഡിഫെൻഡറിന്റെ അരങ്ങേറ്റം വൈകിയിരുന്നു. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്ന ഡിഫെൻഡർ ഇപ്പോൾ 300 bhp കരുത്ത് വികസിപ്പിക്കാൻ പ്രാപ്‌തമാണ്. എസ്‌യുവിയുടെ പരമാവധി ടോർഖ് 400 Nm ആണ്. ഗ്ലോബൽ മോഡലിൽ കാണുന്നതു പോലെ ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ ഇല്ലാത്ത എസ്‌യുവിയുടെ അഞ്ച് ഡോർ പതിപ്പാകും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുക.

2009 ൽ രാജ്യത്ത് പ്രവേശിച്ചതിനു ശേഷം ലാൻഡ് റോവർ ആദ്യമായാണ് പുതിയ ഡിഫെൻഡർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട്, റേഞ്ച് റോവർ വെലാർ, ഡിസ്കവറി, റേഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവർ എന്നിവയാണ് ഇന്ത്യയിൽ ലഭ്യമായ മറ്റ് ലാൻഡ് റോവർ എസ്‌യുവികൾ.

കംപ്ലീറ്റിലി ബിൽറ്റ് യൂണിറ്റായാണ് വാഹനം ഇന്ത്യയിൽ എത്തിക്കുന്നത്. ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത വേരിയന്റുകളിലാണ് ഡിഫെൻഡർ 90, 110 വകഭേദങ്ങൾ വിൽപ്പനയ്ക്ക് എത്തുക. ലോകമെമ്പാടുമുള്ള വിപണികളിൽ ഉയർന്ന ഡിമാൻഡാണ് 2020 ലാൻഡ് റോവർ ഡിഫെൻഡറിനുള്ളത്. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു.

Top