കശ്മീരില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡറെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡറെ സുരക്ഷാസേന വധിച്ചു. പാകിസ്ഥാന്‍ പൗരനും ലഷ്‌കറെ തൊയ്ബ ഉന്നത കമാന്‍ഡറുമായ ഹൈദറിനെയാണ് സുരക്ഷാസേന വധിച്ചതെന്ന് കശ്മീര്‍ ഐ.ജി. വിജയ് കുമാര്‍ അറിയിച്ചു. ഹൈദറിന് പുറമെ മറ്റൊരു ഭീകരനെയും സേന വധിച്ചു.

കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍ ചാഞ്ച്മുല്ല മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ എട്ടുമണിക്കൂറോളമാണ് നീണ്ടുനിന്നത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഹന്ദ്വാരയിലെ ഒരു വീട്ടിലെത്തിയ ഭീകരരുമായി 21 രാഷ്ട്രീയ റൈഫിള്‍സ് സംഘം ഏറ്റുമുട്ടുകയായിരുന്നു.

ജനങ്ങളുടെ ജീവന് സുരക്ഷയേകാനുള്ള സേനയുടെ ഉറച്ച തീരുമാനമാണ് ഹന്ദ്വാരയിലെ ഓപറേഷന്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ഭീകരരെ ഇല്ലാതാക്കിയ ധൈര്യത്തില്‍ സൈന്യത്തിന് അഭിമാനമുണ്ട്. വീരമൃത്യു വരിച്ച ധീരരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു ബിപിന്‍ റാവത്ത് വ്യക്തമാക്കി.

മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ കേണല്‍, മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ അശുതോഷ് ശര്‍മ, മേജര്‍ അനൂജ് സൂഡ്, നായിക് രാജേഷ് കുമാര്‍, ലാന്‍സ് നായിക്ക് ദിനേഷ്, പോലീസ് ഉദ്യോഗസ്ഥന്‍ ഷക്കീല്‍ അഹമ്മദ് ഖ്വാസി എന്നിവരാണ് വീരമൃത്യു വരിച്ചത്.

Top