jk militants attack army camp in uri intense firing

ശ്രീനഗര്‍ :കശ്മീരിലെ ഉറിയില്‍ 17 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദെന്ന് സൈന്യം.

നിയന്ത്രണ രേഖയോട് ചേര്‍ന്നുകിടക്കുന്ന ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ചാവേറാക്രമണത്തില്‍ 17 ജവാന്‍മാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 12 ബ്രിഗേഡിന്റെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്.

2014നു ശേഷം കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

സൈനിക കേന്ദ്രത്തിനുള്ളില്‍ ആക്രമണം നടത്തിയ നാലു ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.

കൊല്ലപ്പെട്ട നാലുപേരും ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആണ്. നുഴഞ്ഞു കയറിയതിന് തെളിവു ലഭിച്ചു. ഭീകരരുടെ പക്കല്‍നിന്ന് പാക് നിര്‍മിത വസ്തുക്കള്‍, നാല് എ.കെ.47 തോക്കുകള്‍, നാല് ഗ്രനേഡ് ലോഞ്ചറുകള്‍, യുദ്ധ സമയത്ത് ഉപയോഗിക്കുന്ന മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെത്തിയെന്നും ഡിജിഎംഒ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് അറിയിച്ചു.

ശ്രീനഗര്‍ – മുസഫറാബാദ് ദേശീയപാതയ്ക്ക് അരികിലുള്ള സൈനിക കേന്ദ്രത്തില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്.

നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. കമാന്‍ഡോ ശൈലിയില്‍ എത്തിയ ഭീകരര്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തില്‍ ചില ബാരക്കുകള്‍ക്കു തീപിടിച്ചു. പരുക്കേറ്റ സൈനികരെ 70 കിലോമീറ്റര്‍ അകലെയുള്ള സൈനിക ആശുപത്രിയിലേക്കു ഹെലിക്കോപ്റ്ററിലാണ് എത്തിച്ചത്.

സൈനികര്‍ വിശ്രമിച്ചിരുന്ന ടെന്റുകളിലേക്കു ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ ഭീകരര്‍ നിരന്തരം വെടിയുതിര്‍ക്കുകയും ചെയ്തു.

ഗ്രനേഡാക്രമണത്തില്‍ ടെന്റുകള്‍ക്ക് തീപിടിച്ചാണ് 12 ജവാന്മാര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു. പതിനൊന്നുമണിവരെ നീണ്ട ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിക്കാന്‍ കഴിഞ്ഞെങ്കിലും അഞ്ച് ജവാന്‍മാര്‍ക്കുകൂടി ജീവന്‍ നഷ്ടമായി. ഇരുപതോളം സൈനികര്‍ക്കു പരുക്കേറ്റു.

കശ്മീരിലെ ഏറ്റവും വലിയ ജില്ലയായ ബാരാമുള്ളയിലെ ഉറിയില്‍ തന്ത്രപ്രധാനഭാഗത്താണ് ആക്രമണം ഉണ്ടായ പന്ത്രണ്ടാം ബ്രിഗേഡ് ആസ്ഥാനം.

Top