ഡെപ്യൂട്ടീ പൊലീസ് സൂപ്രണ്ട് കശ്മീരിൽ അറസ്റ്റിൽ!

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയാണ് ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു.

തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ -47 റൈഫിളുകള്‍ കണ്ടെടുത്തു എന്നും പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത സിങ്ങിനെ ചോദ്യം ചെയ്ത് വരികയാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിംഗ് വിരുദ്ധ സ്‌ക്വാഡില്‍ പ്രവത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര സിങ്ങ്. കൂടാതെ നിരവധി വര്‍ഷങ്ങളായി സംസ്ഥാന പോലീസിന്റെ വിമത വിരുദ്ധ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പില്‍ (എസ്ഒജി) സേവനമനുഷ്ഠിച്ചിട്ടുള്ളയാളുമാണ് ദേവേന്ദ്ര സിങ്ങ്.

അതേസമയം പോലീസ് ഉദ്യോഗസ്ഥന്‍ ഭീകരര്‍ക്കൊപ്പം കസ്റ്റഡിയിലായ വിവരത്തെപ്പറ്റി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. ഭീകരരുമായി ദേവേന്ദ്ര സിങ്ങിനുളള് ബന്ധം കണ്ടെത്തുന്നതിനായി ഇയാളെ ചോദ്യംചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top