പാക്കിസ്ഥാനില്‍ ആയുധ പരിശീലനം നേടുന്നെന്ന് സൂചന; കശ്മീര്‍ യുവാക്കള്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം

ശ്രീനഗര്‍: കശ്മീര്‍ താഴ് വരയില്‍നിന്നുള്ള യുവാക്കള്‍ പാക്കിസ്ഥാനില്‍ കടന്ന് ആയുധ പരിശീലനം നേടുന്നെന്ന് സൂചന. ഇതേ തുടര്‍ന്ന് ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാന്‍ പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി. ജമ്മു കശ്മീര്‍ പൊലീസാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

ഔദ്യോഗിക വീസയില്‍ അതിര്‍ത്തി കടക്കാന്‍ ഉദ്ദേശിക്കുന്ന 18-30 വയസിനിടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകമെന്നും അപേക്ഷിക്കുന്നവര്‍ക്ക് അതതു മേഖലകളിലെ എസ്എസ്പിയോ എഫ്ആര്‍ആര്‍ഒ ഓഫീസോ ആണു സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നും ജമ്മു കശ്മീര്‍ പൊലീസ് സമര്‍പ്പിച്ച കോണ്‍ഫിഡെന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാധുവായ വിസയുണ്ടെങ്കിലും, പൊലീസ് നല്‍കുന്ന സ്ലിപ്പില്ലെങ്കില്‍ യുവാക്കള്‍ക്ക് അതിര്‍ത്തി കടക്കാന്‍ കഴിയില്ല.

താഴ് വരയില്‍നിന്നുള്ള യുവാക്കളെ തീവ്രവാദ സംഘടനകളിലേക്കു റിക്രൂട്ട് ചെയ്യുന്നതായും സാധുവായ വിസകളും മറ്റു രേഖകളും ഉപയോഗിച്ച് പാക്കിസ്ഥാനിലേക്കു പോകുന്ന യുവാക്കള്‍, ഭീകര ക്യാമ്പുകളില്‍ പരിശീനം നേടി ഇന്ത്യയില്‍ തിരിച്ചെത്തുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. തിരിച്ചുവരവ് മിക്കപ്പോഴും അധീന കശ്മീരില്‍നിന്ന് നിയന്ത്രണരേഖ വഴിയാകാമെന്നാണ് ലഭിച്ച റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കശ്മീര്‍ പൊലീസ് സുരക്ഷാ നടപടികള്‍ക്ക് നിര്‍ദേശം മുന്നോട്ടുവച്ചത്.

Top