ജിത്തു വധം; പ്രതി ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു, രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍

jayamol

കൊല്ലം: കൊട്ടിയത്ത് പതിനാലുകാരനായ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ജയമോളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുഴഞ്ഞു വീണു. ഉച്ചയോടെ പരവൂര്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് കേസ് പരിഗണിച്ചത്.

ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ജയമോള്‍ കോടതിയെ അറിയിച്ചു. ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും, പൊലീസ് മര്‍ദ്ദിച്ചെന്നും, എന്നാല്‍ പരാതിയില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. ജയമോളെ ഹാജരാക്കുന്ന വിവരമറിഞ്ഞ് ഒട്ടേറെപ്പേരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.

അതേസമയം, വസ്തുതര്‍ക്കത്തെ തുടര്‍ന്നാണു മകനെ കൊലപ്പെടുത്തിയതെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണു നീക്കം. സംഭവത്തില്‍ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. ജയമോളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡില്‍ വിട്ടു.

Top