jishnu’s mother got permission to meet chief minister pinarayi vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് അനുമതി. ശനിയാഴ്ചയാണ് കൂടിക്കാഴ്ച സമയം അനുവദിച്ചിരിക്കുന്നത്. മഹിജയോടൊപ്പം ബാക്കിയുള്ള കുടുംബാംഗങ്ങള്‍ക്കും മുഖ്യമന്ത്രിയെ കാണാം. നിരാഹാരമവസാനിപ്പിച്ചപ്പോള്‍ ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയത്. ആശുപത്രിയില്‍ നിരാഹാര സമരം നടത്തിവന്ന ജിഷ്ണുവിന്റെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് മഹിജയ്ക്ക് കൈമാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ടെലിഫോണിലൂടെ മുഖ്യമന്ത്രി മഹിജയുമായി സംസാരിച്ച് ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഡിജിപി ഓഫീസിനു മുന്നിലുണ്ടായ സംഭവത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജിഷ്ണുവിന്റെ കുടുംബം നിരാഹാര സമരം അവസാനിപ്പിച്ചത്.

മുന്‍പൊരിക്കല്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പല തവണ കോഴിക്കോട്ട് സന്ദര്‍ശനം നടത്തിയപ്പോഴും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ തയാറായിരുന്നില്ല. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിനു മുന്നിലുണ്ടായ പൊലീസ് അതിക്രമത്തെ തുടര്‍ന്ന് മഹിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും അവരെ കാണില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Top