jishnu pranoy’s mother letter to-investigation-team

jishnu pranoy

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ പി.ആര്‍.ഒ യുടെ മുറിയില്‍ നിന്നടക്കം രക്തക്കറ കണ്ടെത്തിയത് ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന തങ്ങളുടെ വാദം ശക്തിപ്പെടുത്തുന്നതാണെന്ന് അമ്മ മഹിജ.

ഹോസ്റ്റലിലടക്കം പരിശോധന നടത്തിയാല്‍ കൂടുതല്‍ തെളിവ് ലഭിക്കും. ഈ സാഹചര്യത്തില്‍ തെളിവ് നശിപ്പിക്കപ്പെടാതിരിക്കാന്‍ പ്രതി കൃഷ്ണദാസ് അടക്കമുള്ളവര്‍ കോളേജില്‍ പ്രവേശിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി മഹിജ അന്വേഷണ സംഘത്തിന് കത്ത് നല്‍കി.

കോളേജില്‍ രണ്ടിടത്ത് രക്തക്കറ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പി ആര്‍ ഒയുടെ മുറിയിലും ശുചി മുറിയിലും രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന തങ്ങളുടെ വാദം ശരിയാണെന്ന് തെളിഞ്ഞതായി മാതാവ് മഹിജ പറയുന്നു. പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവും അവര്‍ വീണ്ടും ഉയര്‍ത്തി.

ആരോപണ വിധേയര്‍ കോളേജിലും ഹോസ്റ്റലിലും പ്രവേശിക്കരുതെന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനം നടപ്പിലാക്കുന്നതായി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹോസ്റ്റലിലും മറ്റും കൂടുതല്‍ പരിശോധന നടത്തിയാല്‍ തെളിവ് ലഭിക്കുമെന്നും, എന്നാല്‍ കുറ്റാരോപിതര്‍ കോളേജിലെത്തിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും മഹിജ കത്തില്‍ പറയുന്നു.

Top