jishnu pranoy’s death-family stop fasting

തിരുവനന്തപുരം: നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേരളത്തിന് പുതിയ ഒരു അനുഭവം സമ്മാനിച്ചാണ് ഇപ്പോള്‍ ജിഷ്ണു പ്രണോയിയുടെ അമ്മയും പിതാവും സഹോദരിയുമടങ്ങുന്ന കുടുംബം നിരാഹാരം അവസാനിപ്പിച്ചിരിക്കുന്നത്.

ഒരു മകന് സ്വന്തം മാതാപിതാക്കള്‍ നല്‍കുന്ന ‘വിഷുക്കണിയാണ് ‘ ഞായറാഴ്ചയുണ്ടായ നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ അറസ്റ്റ്.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരനായി കുടുംബം ആരോപിക്കുന്ന പ്രതികളില്‍ പ്രധാനി തന്നെയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

അവശേഷിക്കുന്ന രണ്ട് പ്രതികളെ എത്രയും പെട്ടന്ന് പിടികൂടുമെന്ന പ്രതീക്ഷയില്‍ കൂടിയാണ് ജിഷ്ണുവിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചിരിക്കുന്നത്.

കേരള മന:സാക്ഷിയെ ഞെട്ടിച്ച ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു കോളജ് ചെയര്‍മാന്‍ കഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച സി ഐക്ക് പറ്റിയ ഗുരുതര പിഴവാണെന്ന് വിമര്‍ശനമുയര്‍ന്നതോടെ എ എസ് പിയുടെ നേതൃത്വത്തിലുള്ള പുതിയ ടീമിനെയായിരുന്നു കേസന്വേഷണം ഏല്‍പ്പിച്ചിരുന്നത്.

കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കണ്ടെത്തിയത് ഈ സംഘമായിരുന്നെങ്കിലും മറ്റു മൂന്ന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ഇതേ തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ സമരം പ്രഖ്യാപിച്ചത്. ഇതിനിടെ രണ്ടാം പ്രതി സഞ്ജിത്ത് വിശ്വനാഥിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് മുന്‍കൂര്‍ജാമ്യം ഉണ്ടായതിനാല്‍ പിന്നീട് വിട്ടയച്ചു.

എന്നാല്‍ ഇതെല്ലാം പൊലീസിന്റെ നാടകമാണെന്നാരോപിച്ച് പൊലീസ് ആസ്ഥാനത്തെത്തിയ മഹിജയടക്കമുള്ള കുടുംബത്തെ ബലം പ്രയോഗിച്ച് പൊലീസ് മാറ്റുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.

വലിയ രൂപത്തിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് ഈ നടപടി വഴി ഒരുക്കിയത്. പ്രതിപക്ഷം ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും വ്യാപകമായി പൊലീസ് ലാത്തിച്ചാര്‍ജജും ആക്രമണങ്ങളും അരങ്ങേറി.

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പിന്‍മാറില്ലന്ന് പ്രഖ്യാപിച്ച് ജിഷ്ണുവിന്റെ അമ്മയടക്കമുള്ളവര്‍ നിരാഹാരം കിടന്നതോടെ സര്‍ക്കാറും ഇടതുമുന്നണിയും പ്രതിരോധത്തിലായി.

ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വളയത്തെ വീട്ടിലാണ് നിരാഹാരം കിടന്നിരുന്നത്.

ഈ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശനിയാഴ്ച രാത്രി ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം എത്തിയെങ്കിലും ആശുപത്രിയില്‍ പോവാന്‍ അവിഷ്ണ കൂട്ടാക്കിയില്ല. പിന്തുണയുമായി ആയിരകണക്കിന് സി പി എം പ്രവര്‍ത്തകര്‍ കൂടി സംഘടിച്ചതോടെ പൊലീസിന് തിരിച്ചു പോകേണ്ടി വന്നു.

പ്രതികളെ പിടിക്കാന്‍ കൈം ബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രേത്യേക ടീമിനെ സര്‍ക്കാര്‍ നിയോഗിച്ച് ഇതിനകം പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരന്നു.

എന്നാല്‍ ക്രൈംബ്രാഞ്ച് പിടിക്കും മുന്‍പ് തന്നെ ലോക്കല്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വലപ്പാട് സിഐ സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ കോയമ്പത്തുരില്‍ നിന്നും പിടികൂടിയത്.

ഇതോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ വഴി ഒരുങ്ങിയത്. ആശുപത്രിയില്‍ മഹിജയെയും മറ്റു ബന്ധുക്കളെയും സമീപിച്ച ജിഷ്ണു കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനുവാണ് സമരം അവസാനിപ്പിക്കുന്നതിനായ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയത്. ഇത് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമായിരുന്നു.

അതിനു മുന്‍പ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തന്നെ നേരിട്ട് മഹിജയമായി ഫോണില്‍ സംസാരിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആശുപത്രിയിലെത്തി രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു.

വളയത്തെ സി പി എം നേതാക്കളും ജിഷ്ണുവിന്റെ കുടുംബവുമായി സംസാരിച്ച് ഒത്തുതീര്‍പ്പിനുള്ള അന്തരീക്ഷമുണ്ടാക്കി. ഇതോടെയാണ് കോളജ് വൈസ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്ത സാഹചര്യം പരിഗണിച്ച് ജിഷ്ണുവിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചത്.

Top