jishnu-pranoy-parents-indefinite-strike

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് യുടെ മരണത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരത്തിനെത്തിയ കുടുംബത്തെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

കുടുംബത്തെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. അറസ്റ്റ് ചെയ്ത മഹിജയെ പൊലീസ് പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റു ചെയ്ത് നീക്കുന്നതിനിടെ പരിക്കേറ്റ മഹിജയെ പിന്നീട് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഡിജിപി ഓഫീസിന്റെ 100 മീറ്റര്‍ അപ്പുറത്തുവെച്ചുതന്നെ സമരക്കാരെ പൊലീസ് തടഞ്ഞിരുന്നു.

അതേസമയം ആറുപേര്‍ക്ക് ഡിജിപിയെ കാണാന്‍ അനുവാദം നല്‍കാമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും കാണണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബത്തെ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നും സമരം ചെയ്താല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു.

അതേസമയം കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതു വരെ സമരം ചെയ്യുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ജിഷ്ണുവിനെ സ്‌നേഹിക്കുന്ന എല്ലാവരും തങ്ങളുടെ സമരത്തെ പിന്തുണക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന, നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അറസ്റ്റ് വെറും നാടകമാണെന്നും മഹിജ ആവര്‍ത്തിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക, കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടുംവരെ സമരം ചെയ്യുമെന്നും, സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അറസ്റ്റ് ചെയ്‌തോട്ടെയെന്നും അവര്‍ പറഞ്ഞു.

ജിഷ്ണു പ്രണോയ്‌യുടെ മരണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിനെ പൊലീസ് ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് കൃഷ്ണദാസിനെ വിട്ടയച്ചത്.

Top