ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു; മാതാപിതാക്കളുടെ മൊഴിയെടുത്തു

jishnu pranoy

കൊച്ചി: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുടങ്ങിയ സിബിഐ സംഘം ജിഷ്ണുവിന്റെ വീട്ടില്‍ എത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു.

വ്യാഴാഴ്ച ഉച്ചയോടെയാണ് കൊച്ചിയില്‍ നിന്നുളള സിബിഐ സംഘം ജിഷ്ണുവിന്റെ വളയത്തെ വീട്ടില്‍ എത്തിയത്. അച്ഛന്‍ അശോകന്‍, അമ്മ മഹിജ എന്നിവരില്‍ നിന്ന് സിബിഐ സംഘം മൂന്ന് മണിക്കൂറോളം മൊഴി രേഖപ്പെടുത്തി.

കൊച്ചി യൂണിറ്റിലെ സി ഐ, പി വി സുരേഷ്, ഇന്‍സ്പെക്ടര്‍മാരായ ജിജോ, ജോണ്‍സണ്‍ എന്നിവരാണ് മൊഴിയെടുത്തത്.

സിബിഐ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മൊഴിയെടുക്കലിന് ശേഷം ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.

ക്രൈംബ്രാഞ്ച് കണ്ടെടുത്ത ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് ഇവര്‍ മൊഴി നല്‍കി. ഇത് ചൂണ്ടിക്കാട്ടി ജിഷ്ണു എഴുതിയ നോട്ട്ബുക്കും സിബിഐക്ക് കൈമാറി.

സിബിഐ അന്വേഷണം കൊണ്ട് പ്രയോജനം ഉണ്ടാകില്ലെന്ന് കാട്ടി ഇവര്‍ക്ക് ലഭിച്ച് ഊമകത്തുകളും സിബിഐക്ക് നല്‍കിയിട്ടുണ്ട്.

Top