കെ.സുധാകരന്‍ കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്റെ അച്ഛന്‍

sudhakaran

കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച സംഭവം ഒത്തുതീര്‍പ്പാക്കാന്‍ പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ അശോകന്‍.

ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതില്‍ സുധാകരനും പങ്കുണ്ടെന്നും അശോകന്‍ ആരോപിച്ചു. കൃഷ്ണദാസില്‍ നിന്ന് കൈക്കൂലി വാങ്ങിയ സുധാകരന്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രിയാണ് നെഹ്‌റു ഗ്രൂപ്പ് അധികൃതരും സുധാകരനും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഷഹീറിന്റെ ബന്ധുക്കളേയും പാലക്കാട് ചെര്‍പ്പുളശേരിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൂടിക്കാഴ്ച. കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

അതിനിടെ സുധാകരനെ ചെര്‍പ്പുളശേരിയില്‍ വച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസെത്തിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. പ്രശ്‌നത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തന്നെയാണ് എത്തിയതെന്ന സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസുമായി ഇതിന് ബന്ധമില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വന്നതില്‍ തെറ്റ് കാണുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Top