ജിഷ്ണു കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഹിജയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.

പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയെ അറിയിക്കും. കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ആരോപണവും കക്ഷി ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ മഹിജ ഉന്നയിക്കും.

ജിഷ്ണു മരിച്ച് പത്തുമാസമാകുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ട്. ജിഷ്ണുവിന്റെ രക്തപ്പാടുള്ള മുറി പൊലീസ് സീല്‍ ചെയ്തിട്ടില്ല. ജിഷ്ണു തൂങ്ങിക്കിടക്കുന്നതായി കണ്ട കൊളുത്തും തുണിയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ലെന്നും ഡിവൈഎസ്പിയും സിഐയും സംഭവ സ്ഥലം സന്ദര്‍ശിച്ചില്ലെന്നും മഹിജ ഹര്‍ജിയില്‍ ഉന്നയിക്കും.

അതേസമയം, കേസില്‍ പ്രതികളായ പാമ്പാടി നെഹ്‌റു കോളെജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റേയും പ്രിന്‍സിപ്പല്‍ ശക്തിവേലിന്റേയും ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

ജിഷ്ണു കേസില്‍ നീതി ആവശ്യപ്പെട്ട് മഹിജ പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരം ഏറെ ചര്‍ച്ചയ്ക്കു വഴിവെച്ചിരുന്നു. അതിനു പിന്നാലെ ജിഷ്ണുവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയിയെ കോളെജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയതതെന്നാണ് ഉയര്‍ന്ന ആരോപണങ്ങള്‍.

Top