ജിഷ്ണു കേസില്‍ സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതു ശരിയാണോയെന്നു വിജിലന്‍സ് കോടതി

jishnu pranoy

തിരുവനന്തപുരം: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നിലപാടു വിശദീകരിക്കാന്‍ പിആര്‍ഡി വഴി സര്‍ക്കാര്‍ പരസ്യം നല്‍കിയതു കേരള സെക്രട്ടേറിയറ്റ് മാനുവല്‍ പ്രകാരം ശരിയാണെന്നു സര്‍ക്കാര്‍.

വിജിലന്‍സ് കോടതിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതു ശരിയാണോയെന്നും സുപ്രീംകോടതി മാര്‍ഗരേഖകളുടെ ലംഘനമല്ലേയെന്നും കോടതി ചോദിച്ചു.

പിആര്‍ഡി എന്നാല്‍ സാധാരണക്കാരനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാനുള്ളതല്ലെയെന്നും അല്ലാതെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കു വിശദീകരണം നല്‍കാനുള്ളതാണോ എന്നും കോടതി ചോദിച്ചു.

ഇതു പഠിച്ചശേഷം വിശദീകരണം 12നു നല്‍കാന്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടു ഡിജിപി ഓഫിസിനു മുന്നില്‍ നടന്ന സംഭവത്തില്‍ സര്‍ക്കാര്‍ നിലപാടു വിശദീകരിക്കാന്‍ പൊതു ഖജനാവില്‍നിന്ന് ഒരുകോടി രൂപ ചെലവാക്കി പത്രങ്ങളില്‍ പരസ്യം നല്‍കിയെന്നാണു ഹര്‍ജിയിലെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയന്‍, പിആര്‍ഡിയുടെ ചുമതലയുള്ള സെക്രട്ടറി ഉഷാ ടൈറ്റസ്, പിആര്‍ഡി ഡയറക്ടര്‍ അമ്പാടി, ധന അഡീഷനല്‍ ചീഫ് സെക്രട്ടറി സെക്രട്ടറി കെ.എം.ഏബ്രഹാം, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയത്.

Top