Jisha’s sister Deepa in police custody

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരി ദീപയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ നിന്നാണ് ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യാനായി ദീപയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ഇന്നു രാവിലെ ഡിവൈഎസ്പി ജിജിമോന്‍ ദീപയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പിന്നീട് വനിത സിഐ എത്തി വീണ്ടും ചോദ്യം ചെയ്തു. പിന്നീടാണ് ദീപയെ കസ്റ്റഡിയെടുക്കുന്ന തീരുമാനമുണ്ടായത്. കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലേക്കാണ് ദീപയെ കൊണ്ടു പോയിരിക്കുന്നതെന്നാണ് വിവരം.

പ്രതി പൊലീസിന്റെ വലയിലായിട്ടുണ്ടെന്നും എന്നാല്‍ വ്യക്തമായ തെളിവ് ലഭിക്കാത്തതിനാലാണ് പ്രതിയെ സംബന്ധിച്ച വിവരം പുറത്തുവിടാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദീപയുടെ ഫോണ്‍കോളുകല്‍ അടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടെന്ന് ഡിവൈഎസ്പി ജിജിമോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സഹോദരി ദീപ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുമായി തനിക്ക് ബന്ധമുണ്ടെന്നും ഇയാളെ തെരയുകയാണെന്നുമുള്ള രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ദീപ വ്യക്തമാക്കി.

അങ്ങനെയൊരാളുമായി തനിക്ക് ബന്ധമില്ല. തനിക്ക് ഹിന്ദി അറിയില്ല. ഒരു ഹിന്ദിക്കാരനെയും പരിചയമില്ല. വീട് നിര്‍മ്മിക്കാന്‍ വന്ന ഒരു മലയാളി ജിഷയെ ശല്യപ്പെടുത്തിയിരുന്നു. അയല്‍വാസികളില്‍ നിന്നും ശല്യമുണ്ടായിരുന്നതായും ദീപ പറഞ്ഞു. എല്ലാം വനിതാ കമ്മീഷനു മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ദീപ പറഞ്ഞിരുന്നു.

Top