അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന് ജിഷയുടെ അമ്മ

jisha mother

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ഏപ്രില്‍ 28ന് മകള്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷമായി. എന്നാല്‍ കൊലയാളി ഇപ്പോഴും സുഭിക്ഷമായി ജയിലില്‍ കഴിയുകയാണ്.

വിധി നടപ്പാക്കുന്നതില്‍ കോടതിയും പൊലീസും ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്ന സംശയമുണ്ട്. ഇത്രയും ക്രൂരമായി കൊലപാതകം ചെയ്തയാളെ എന്തിനാണ് സംശയിക്കുന്നതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജേശ്വരി ചോദിച്ചു. തൂക്കിക്കൊല്ലാമെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് നടപ്പാക്കണം. അവനെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലണമെന്നാണ് എന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.

ജിഷ കൊല്ലപ്പെടുന്നതിന് ഏതാനും ആഴ്ച മുമ്പ് ഇതരസംസ്ഥാന തൊഴിലാളി തന്നെ ബൈക്കിടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അയാളെ പിടികൂടാന്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും രാജേശ്വരി പറഞ്ഞു.

മൊബൈല്‍ ക്യാമറയും സോഷ്യല്‍ മീഡിയയും കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കുളിച്ചു മുടിചീകി എവിടെയെങ്കിലും പോയാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയതെന്നാണ് ആക്ഷേപം. പുതി വീട്ടില്‍ ആളുകള്‍ ഒളിഞ്ഞു നോക്കുകയാണെന്നും അവര്‍ പറഞ്ഞു. പുറത്തിറങ്ങി നിന്നാല്‍ ആളുകള്‍ മോശമായ രീതിയില്‍ മൊബൈലില്‍ ഫോട്ടോ എടുക്കുകയാണ്. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും രാജേശ്വരി പറഞ്ഞു.

Top