jisha murder ; remand report out

കാഞ്ചീപുരം: ജിഷ വധക്കേസില്‍ കേരള പൊലീസ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെത്തി തെളിവെടുപ്പ് നടത്തി. കാഞ്ചീപുരം ശിങ്കിടിവാക്കത്ത് അമീറുല്‍ ജോലി ചെയ്തിരുന്ന കൊറിയന്‍ കമ്പനിയിലായിരുന്നു തെളിവെടുപ്പ്. ഇത് മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. ഡോങ്‌സെങ് കമ്പനി എച്ച്ആര്‍ മാനേജരുടെ മൊഴി രേഖപ്പെടുത്തി.

ഏകദേശം പതിനഞ്ചോളം ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചത്. അമീറുല്‍ എത്രദിവസം ജോലി ചെയ്തുവെന്നും ഏതൊക്കെ തിരിച്ചറിയല്‍ രേഖകളാണ് ആവശ്യപ്പെടാറുള്ളതെന്നും ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ റജിസ്‌ട്രേഷന്‍ നടത്താറുണ്ടോയെന്നും ആയിരുന്നു പ്രധാനമായും മാനേജരോട് ചോദിച്ചത്.

അതേസമയം, പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. കൊലയ്ക്കു കാരണം പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുല്ലെത്തിയത്. ആ സമയം, ജിഷയുടെ അമ്മ രാജേശ്വരി വീട്ടില്‍ ഇല്ലായിരുന്നു.

ജിഷയെ ലൈംഗികമായി കീഴ്‌പ്പെടുത്തുന്നതിനുള്ള ശ്രമം പ്രതി നടത്തി. ജിഷ ശക്തമായി ചെറുത്തുനിന്നു. തുടര്‍ന്ന് തന്റെ ഇംഗിതത്തിന് ജിഷ വഴങ്ങുന്നില്ലെന്ന് കണ്ട പ്രതി കത്തിയുപയോഗിച്ച് ജിഷയെ ഒന്നിലേറെ തവണ കുത്തി.

മാനഭംഗപ്പെടുത്താന്‍ വീണ്ടും ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മാരകമായ ആയുധമുപയോഗിച്ച് ജനനേന്ദ്രിയത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം അമീറുല്‍ സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ കേരള പൊലീസ് കാഞ്ചീപുരത്തുനിന്ന് പിടികൂടിയത്. ഇവിടെ കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്ന അമീറുല്‍ കൊലപാതകത്തിനുശേഷം സ്വദേശമായ അസമിലെത്തുകയും പിന്നീട് കാഞ്ചിപുരത്തെത്തി ജോലിയില്‍ പ്രവേശിക്കുകയുമായിരുന്നു.

ഫോണിന്റെ ഐഎംഇഐ നമ്പര്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

Top