jisha murder- pinarayi statement

PINARAYI

തിരുവനന്തപുരം: ജിഷ കൊലപാതകത്തിന്റെ പ്രതിയെ കുറിച്ചുളള പൂര്‍ണ്ണ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എത്രയും വേഗം തന്നെ പ്രതിയെ കുറിച്ചുളള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും അറിയാന്‍ കഴിയും. പ്രതി കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് നിരീക്ഷണത്തില്‍ തന്നെ ആയിരുന്നു. ഇത് സര്‍ക്കാരിന് അഭിമാനകരമായ നേട്ടങ്ങളാണെന്നും പിണറായി പറഞ്ഞു.

അസം സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ കുറ്റംസമ്മതിച്ചതായാണ് വിവരം. രണ്ട് ദിവസം മുമ്പാണ് ഇയാളെ കൊച്ചിയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

ജിഷയുടെ സുഹൃത്താണ് പ്രതിയായ അസം സ്വദേശിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ നേരത്തെ പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നു.
കസ്റ്റഡിയില്‍ ഉള്ളയാള്‍ പ്രതിയാണോ എന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്.

രണ്ട് ദിവസം മുന്‍പ് പൊലീസിന് ലഭിച്ച സിസിടിവി ക്യാമറയിലുള്ള ദൃശ്യങ്ങളിലെ വ്യക്തിക്ക് അസം സ്വദേശിയുമായി സാമ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ജിഷയെ ഒരാള്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ക്യാമറയില്‍ ഉണ്ടായിരുന്നത്. അതേസമയം ചെരുപ്പ് കടക്കാരന്റെ മൊഴിയാണ് പ്രതിയെ തിരിച്ചറിയുന്നതില്‍ നിര്‍ണായത്.

ജിഷയുടെ വീടിന്റെ സമീപത്തു നിന്ന് പൊലീസിന് തെളിവായി ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയിരുന്നു. അതോടെ കൊലയാളിയിലേക്കുള്ള അന്വേഷണം പൊലീസ് ഈ ചെരുപ്പിന്റെ ഉടമയിലേക്കു മാത്രമായി കേന്ദ്രീകരിക്കുകയായിരുന്നു.

പ്രതിയുടെ ഡിഎന്‍എ, രക്തസാമ്പിളുകള്‍ എന്നിവ പരിശോധിച്ച ശേഷം മാത്രമേ പ്രതിയാണോ എന്നകാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ഫലങ്ങള്‍ക്കായി പൊലീസ് കാത്തിരിക്കുകയാണ്.

Top