jisha murder- I.G mahi pal yadav statement

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന് ഐജി മഹിപാല്‍ യാദവ്. ദില്ലി മോഡല്‍ പീഡനമാണ് നടന്നതെന്ന് പറയാനാവില്ല. പ്രതിയെ കണ്ടവരില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ പ്രതികളാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

ജിഷയുടെ അയല്‍വാസികളാണ് കസ്റ്റഡിയിലുള്ള രണ്ട് പേരും. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൊല നടത്തിയത് ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് തെളിയിക്കുന്ന തെളിവുകളും മൊഴികളുമാണ് പുറത്തു വരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത അയല്‍വാസിയായ യുവാവിനെയും മറ്റൊരാളേയും ചോദ്യം ചെയ്യാന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ജിഷയുടെ കൊലപാതകം പുറത്തറിഞ്ഞ ഉടനെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. നിയമവിദ്യാര്‍ത്ഥിയായതിനാല്‍ ജിഷയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അടുത്ത ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയായിരുന്നു.

കൊലപാതകത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പിന്നീടാണ് അന്വേഷണം രണ്ട് പേരിലേക്ക് ചുരുങ്ങിയത്. സംഭവത്തില്‍ കേരളത്തിലുടനീളം പ്രതിഷേധക്കൂട്ടായ്മകള്‍ സജീവമായി. ജിഷയുടെ കൊലപാതകം കേരളത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തിയെന്നതിന് തെളിവാണ് സോഷ്യല്‍ മീഡിയകളിലും റോഡിലും നിറഞ്ഞ പ്രതിഷേധക്കൂട്ടായ്മകള്‍. അഞ്ചു ദിവസം കഴിഞ്ഞു മാത്രം പുറംലോകമറിഞ്ഞ നിഷ്ഠൂര കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം രൂപപ്പെടുകയാണ്.

Top