jisha murder cause- two persons arrested

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിനു ശേഷം ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാം എന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് പരിസരവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതെന്നാണ് സൂചന. ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികളുണ്ടെങ്കില്‍ അവരെയും ഇന്നുതന്നെ അറസ്റ്റ് ചെയ്യും. ഇപ്പോള്‍ പിടിയിലായ ആളുകളുടെ വിവരങ്ങള്‍ പുറത്തായാല്‍ അത് കൂട്ടുപ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കും എന്നതിനാലാണ് വിശദാംശങ്ങള്‍ പുറത്തുവിടാത്തതെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം നടന്ന സമയവും മൊഴികളും പരിഗണിച്ച് വീട്ടുകാരെ അറിയുന്നവരാകും കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. ബന്ധുക്കളില്‍ നിന്ന് പൊലീസ് മൊഴി എടുത്തു. അപരിചിതരായ ചിലരെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പൊലീസിനു മൊഴി നല്‍കി. പരിസരത്തു നിന്നും രക്തക്കറ പുരണ്ട ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്. ജിഷ കൊല്ലപ്പെടുമ്പോള്‍ അമ്മ ജോലിക്ക് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജിഷയുടെ സഹോദരിയും സംശയിക്കുന്നു.

Top