jisha murder cause- deepa-

പെരുമ്പാവൂര്‍: ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാത കേസുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

താലൂക്ക് ആശുപ്രത്രിയില്‍ ചികിത്സയിലുള്ള ജിഷയുടെ അമ്മ രാജേശ്വരിയെ പരിചരിക്കുകയായിരുന്ന ദീപയെ വനിതാ പൊലീസ് സംഘം പെരുന്പാവൂര്‍ സ്‌റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ഡിവൈ.എസ്.പി: ജിജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. രാവിലെ 9.30നായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം, ദീപയെ ചോദ്യം ചെയ്തില്ലെന്നും സാധനങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടി വിളിപ്പിച്ചതാണെന്നുമാണ് പൊലീസ് ഭാഷ്യം.

തനിക്ക് അന്യസംസ്ഥാന സുഹൃത്ത് ഇല്ലെന്ന് ദീപ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ച് പൊലീസ് ദീപയോട് ചോദിച്ചുവെന്നാണ് സൂചന. അമ്മയേയും ജിഷയേയും കൊല്ലുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയ കാര്യവും ദീപ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ബാങ്കിലെ പാസ് ബുക്കും മറ്റു രേഖകളും എടുക്കുന്നതിന് വേണ്ടി വീട്ടിലേക്കാണ് പോയതെന്ന് ദീപ പറഞ്ഞു. സുരക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് തനിക്കൊപ്പം വന്നതെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

അതിനിടെ പന്ത്രണ്ട് ദിവസമായിട്ടും കേസിലെ ദുരൂഹത പുറത്തുകൊണ്ടുവരാനോ പ്രതിയെ കണ്ടെത്താനോ കഴിയാതെ പൊലീസ് കുഴയുകയാണ്. ഇന്നലെ രാത്രി വൈകിയും കുറുപ്പുംപടിയിലെ ജിഷയുടെ വീടിന്റെ പരിസരം പൊലീസ് അരിച്ചു പെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. അതേസമയം, നാട്ടുകാര്‍ ഇന്നലെ മഞ്ഞപ്പെട്ടിയില്‍ നിന്നും പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച അന്യസംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളുടെ വിരലടയാളം ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളിയുടെ ശരീരത്തില്‍ തടികൊണ്ട് അടിയേറ്റ നിരവധി മുറിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കസ്റ്റഡയിലായ രണ്ട് നിര്‍മ്മാണ തൊഴിലാളികളെയും ആലുവ എ.ആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍, ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് സംഘം.

Top