Jisha Murder case – police – investigation

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകത്തില്‍ പന്ത്രണ്ടാം ദിവസവും ഇരുട്ടില്‍ തപ്പി പൊലീസ്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഇന്നു കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല. പ്രതിയെ കണ്ടെത്താനുള്ള സൂചനകള്‍ക്കായി ജിഷയുടെ വീടിനു സമീപത്ത് രാത്രിയിലും പൊലീസ് പരിശോധന നടത്തി.

തെളിവുകളോ വ്യക്തമായ സാക്ഷികളോ ഇല്ലാതെ സംശയാസ്പദമായവരുടെ പിന്നാലെ സഞ്ചരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കസ്റ്റഡിയില്‍ എടുക്കുന്നവരെല്ലാം ഏതെങ്കിലും വിധത്തില്‍ ജിഷയുമായോ കുടുംബമായോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിള്ളുവരാണെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നു തന്നെ ഇല്ലാത്തതിനാലാണ് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളിയെന്നു തോന്നിക്കുന്ന രേഖാചിത്രമാണ് പൊലീസ് തയ്യാറാക്കിയതെന്ന് സൂചനയുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ചിത്രം പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല.

ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളിലൂടെ സഞ്ചരിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. എറണാകുളം റൂറല്‍ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് രാത്രി ജിഷയുടെ വീട്ടിലും സമീപത്തും തെളിവെടുപ്പ് നടത്തിയത്. ജിഷയുടെ വീടിനു സമീപത്തുള്ള കനാലിലും വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറിലും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.

അതേസമയം കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വനിതകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു നേരെ പൊലീസ് അതിക്രമം. ജിഷയുടെ സുഹൃത്തുക്കളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് അതിക്രമം അഴിച്ചു വിട്ടത്. വനിതകളെ പൊലീസ് ബൂട്ടുപയോഗിച്ച് ചവിട്ടിയതായും ലാത്തിയുപയോഗിച്ച് കുത്തിയതായും ആരോപണമുണ്ട്.പ്രദേശത്ത് എല്‍ഡിഎഫിന്റെ രാപകല്‍ സമരം തുടരുന്നു.

അതേസമയം ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സഹോദരി ദീപ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയുമായി തനിക്ക് ബന്ധമുണ്ടെന്നും ഇയാളെ തെരയുകയാണെന്നുമുള്ള രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ദീപ പറഞ്ഞു.

അങ്ങനെയൊരാളുമായി തനിക്ക് ബന്ധമില്ല. തനിക്ക് ഹിന്ദി അറിയില്ല. ഒരു ഹിന്ദിക്കാരനെയും പരിചയമില്ല. വീട് നിര്‍മ്മിക്കാന്‍ വന്ന ഒരു മലയാളി ജിഷയെ ശല്യപ്പെടുത്തിയിരുന്നു. അയല്‍വാസികളില്‍ നിന്നും ശല്യമുണ്ടായിരുന്നതായും ദീപ പറഞ്ഞു. എല്ലാം വനിതാ കമ്മീഷനു മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദീപ പറഞ്ഞു.

Top